- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടക വസ്തുവേറ്; ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത് ബൈക്കിലെത്തിയ നാലംഗ സംഘം: രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടക വസ്തുവേറ്
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തുവേറ്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ നാലു പേരാണു സ്‌ഫോടനത്തിന് പിന്നിലെന്നു സൂചനയുണ്ട്. ശോഭയുടെ വീടിന്റെ എതിര്‍വശത്തെ വീടിന്റെ ഗേറ്റിനോടു ചേര്‍ന്നാണ് അജ്ഞാതര്‍ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള ശോഭയുടെ വീടിനു സമീപമാണ് സംഭവം.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അടക്കം നേതാക്കളും പ്രവര്‍ത്തകരും വിവരമറിഞ്ഞെത്തി. ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അയല്‍വാസിയുടെ വീട് ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കി.
ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു സംശയിക്കുന്നു. അതേസമയം ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവശേഷം പോലീസ് സ്ഥലത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി. ആക്രമണത്തിന്റെ പ്രകോപനം എന്തെന്നു വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പേടിപ്പിക്കലുകളില്‍ വാടിവീഴുന്നവരല്ല തങ്ങളെന്നും ഭയപ്പെടുത്താനാകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഈ കൃത്യം നിര്‍വഹിച്ച ആളുകളെ കണ്ടെത്തണം എന്നാണ് ആവശ്യം. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോ- ശോഭ പറഞ്ഞു.