തിരുവനന്തപുരം: 'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പുകേസിലെ പ്രതി ശബരീനാഥിനെതിരെ വീണ്ടും തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വര്‍മയുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നിലവില്‍ ഒമ്പത് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്.

ശബരിനാഥ് ഒരു ഇ-കൊമേഴ്സ് സ്ഥാപനം തുടങ്ങിയിരുന്നു. ഇതില്‍ ഇ-ട്രേഡിംഗ് നടത്താന്‍ എന്ന പേരില്‍ പലതവണയായി തന്നില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി 34,33,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോടതിയില്‍ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വര്‍മയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനില്‍ നിന്നും പണം തട്ടിയത്. പലരില്‍ നിന്നായാണ് അഭിഭാഷകന്‍ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് നഷ്ടമായതെന്നും പരാതിയില്‍ പറയുന്നു.