പാരിസ്: ലോകത്തിനാകെ ദൃശ്യവിരുന്നേകിയ പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ പറ്റിയത് സമാനതകളില്ലാത്ത തെറ്റ്. ഒളിമ്പിക്‌സ് പതാക തലകീഴായി ഉയര്‍ന്നത് ഏവരേയും അമ്പരപ്പിച്ചത്. ചടങ്ങിനിടെ രസംകൊല്ലിയായി മഴയും എത്തി. ഉദ്ഘാടന പരിപാടി സ്റ്റേഡിയത്തിനുള്ളില്‍ നടത്തുന്നതിനുപകരം പുറത്ത് നടത്താനുള്ള ഫ്രാന്‍സിന്റെ പദ്ധതിയെയാണ് മഴ തകര്‍ത്തത്. ഗെയിംസ് ആരംഭിച്ചതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചതോടെ ഒളിമ്പിക് പതാക ഉയര്‍ത്തി. എന്നാല്‍ ഇത് തലകീഴായിട്ടായിരുന്നു. അങ്ങനെ സംഘാടനത്തിലെ പാടില്ലാ പിഴവുകളാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തില്‍ ചര്‍ച്ചയായത്.

അക്ഷരാര്‍ഥത്തില്‍ സെന്‍ നദിയിലൂടെ പാരിസിന്റെ തീരത്തേക്ക് ഒഴുകിയെത്തുകയായിരുന്നു ഒളിമ്പിക്സ്. ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രഞ്ച് പതാകയുടെ മാതൃകയില്‍ വര്‍ണവിസ്മയം തീര്‍ത്താണ് ഒളിമ്പിക്സ് ദീപശിഖയെ പാരിസ് വരവേറ്റത്. പിന്നാലെ ഓരോ രാജ്യങ്ങളുടേയും ഒളിമ്പിക് സംഘങ്ങളുമായി ബോട്ടുകളെത്തി. ഗ്രീസ് സംഘത്തിന്റെ ബോട്ടാണ് സെന്‍ നദിയുടെ ഓളപ്പരപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അഭയാര്‍ഥികളായ താരങ്ങളുടെ ബോട്ടുമെത്തി. പരമ്പരാഗത മാര്‍ച്ച് പാസ്റ്റ് രീതി പൊളിച്ചുകൊണ്ടാണ് 90-ലേറെ ബോട്ടുകളിലായി സെന്‍ നദിയിലൂടെ ആറുകിലോമീറ്റര്‍ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിമ്പിക്‌സ് താരങ്ങള്‍ എത്തുന്നത്.

കനത്ത മഴയെ അവഗണിച്ചാണ് പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേര്‍ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രദാം പള്ളിയ്ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം. 'ദി കാന്‍ കാന്‍' എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനവേദിയില്‍ ആലപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ മഴ രസംകെടുത്താന്‍ എത്തുകയും ചെയ്തു.

ആദ്യമെത്തിയ ഗ്രീക്ക് സംഘത്തിന്റെ ബോട്ടായിരുന്നു. തൊട്ടുപിന്നാലെ അഭയാര്‍ഥികളുടെ സംഘമെത്തി. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ എത്തിയത്. 84ാമതായിട്ടായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വരവ്. പി.വി. സിന്ധുവും ശരത് കമലും 78 അംഗ ടീമിനെ നയിച്ചു. 2016ലും 2020ലും മെഡല്‍ നേടിയ സിന്ധു തുടരെ 3ാം മെഡല്‍ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5ാം ഒളിംപിക്‌സാണു പാരിസിലേത്. 12 വിഭാഗങ്ങളില്‍നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യയ്ക്കു പിന്നില്‍ ഇന്തോനീഷ്യ താരങ്ങളുമെത്തി.

ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ഫ്രാന്‍സിലെ 10 ചരിത്ര വനിതകള്‍ക്ക് ഫ്രാന്‍സ് ആദരമര്‍പ്പിച്ചു. ഒലിംപെ ഡെ ഗോസ്, അലിസ് മിലിയറ്റ്, ഗിസെല്‍ ഹലിമി, സിമോണ്‍ ഡെ ബ്യുവോര്‍, പൗലിറ്റ് നര്‍ഡാല്‍, ജീന്‍ ബാരറ്റ്, ലൂയിസ് മിച്ചല്‍, ക്രിസ്റ്റിന്‍ ഡെ പിസാന്‍, അലിസ് ഗയ്, സിമോണ്‍ വെയ്ല്‍ എന്നിവരുടെ പ്രതിമകള്‍ സെന്‍ നദീതീരത്ത് ഉയര്‍ന്നുവന്നു. ഗ്രാന്‍ഡ് പാലസിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍നിന്നാണ് ഗായിക അക്‌സെല്‍ സെന്റ് സിറല്‍ ഫ്രാന്‍സിന്റെ ദേശീയ ഗാനം ആലപിച്ചത്. ഉദ്ഘാടനച്ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെന്‍ നദിയുടെ വശങ്ങളില്‍ കാത്തുനിന്നത്. ഇനി കായിക മാമാങ്കത്തിന്റെ നാളുകള്‍.