കണ്ണൂര്‍: വീണ്ടും കേരളത്തില്‍ നിപ ആശങ്ക. നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നിപയുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ നിരീക്ഷണ വാര്‍ഡിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെ ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു. ആശങ്കപ്പെടേണ്ടതില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ എംഎല്‍എ പറഞ്ഞിരുന്നു. രോഗികള്‍ ഗുരുതരാവസ്ഥയിലല്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവര്‍ക്കും ഏകദേശം ഒരേ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. രോഗ ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് എത്തുന്നവരില്‍ എല്ലാ ടെസ്റ്റുകളും നടത്തുകയെന്നത് 2018 മുതല്‍ സ്വീകരിച്ചുവരുന്ന രീതിയാണ്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലെന്നും കെ കെ ശൈലജ പറഞ്ഞു. പരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.

ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു. സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. രോഗാണുക്കള്‍ പ്രധാനമായും ശ്വാസകോശ സ്തരങ്ങള്‍ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. അതുകൊണ്ടാണ് രോഗികളെ കര്‍ശന നിരീക്ഷണത്തില്‍ ചികില്‍സിപ്പിക്കുന്നത്.

ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്‌സോ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസ് ആണ് നിപ. ഇവയില്‍തന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതില്‍ ആദ്യത്തെ തരത്തില്‍പ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകള്‍ പഴംതീനികളായ പെടെറോപ്പസ് തരത്തില്‍പ്പെട്ട വവ്വാലുകളില്‍, അവയില്‍ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളില്‍നിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.

വവ്വാലിലുള്ള നിപ വൈറസുകള്‍ അവയുടെ ശരീരസ്രവങ്ങള്‍ (ഉമിനീര്‍, ശുക്ലം), മൂത്രം, മലം വഴി വിസര്‍ജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറത്ത് ഈ വൈറസുകള്‍ക്ക് അതിജീവന സാധ്യത 23 മണിക്കൂറുകള്‍ മാത്രമേയുള്ളൂ. പഴങ്ങളില്‍ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.

രോഗാണുക്കള്‍ പ്രധാനമായും ശ്വാസകോശ സ്തരങ്ങള്‍ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ല്‍ കോഴിക്കോട് ജില്ലയില്‍ അന്‍പത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോള്‍ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയിരുന്നു. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളില്‍, ഏഴ് സ്പീഷിസുകളില്‍ സിറം പരിശോധനയില്‍ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളില്‍ മുതിര്‍ന്ന വവ്വാലുകളില്‍ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഔട്ട്‌ബ്രെയ്ക് ഉണ്ടായിട്ടുള്ളത്. പറക്കമുറ്റാത്ത വവ്വാല്‍ കഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതല്‍ വൈറസുകളെ പുറത്തുവിടാന്‍ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാല്‍ കുഞ്ഞുങ്ങളെയോ വെറും കൈക്കൊണ്ട് തൊടരുത്.