പാരീസ്: ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ മെഡല്‍ ഉറപ്പിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുടെ നിശാന്ത് ദേവും വീണു.ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ ഒരു മെഡല്‍ കൂടെ ഇന്ത്യക്ക് കയ്യെത്തും ദൂരത്തില്‍ നഷ്ടമായി.71 കിലോഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങിയ നിശാന്ത് ദേവ് രണ്ടാം സീഡായ വെര്‍ദെ ആല്‍വരസിനോട് ആണ് സ്പ്ലിറ്റ് ഡിസിഷനില്‍ പരാജയപ്പെട്ടത്.

മെക്സിക്കന്‍ താരത്തിന് എതിരെ വേഗതയാര്‍ന്ന തുടക്കമാണ് നിശാന്ത് നടത്തിയത്. ആദ്യ റൗണ്ടില്‍ നിശാന്ത് 4-1ന്റെ അനുകൂല കാര്‍ഡ് നേടി.രണ്ടാം റൗണ്ടില്‍ ഡിഫന്‍സിലേക്ക് നീങ്ങിയ നിശാന്തിന് തിരിച്ചടിയായി. 3-2ന് മെക്സിക്കന്‍ താരം രണ്ടാം റൗണ്ട് നേടി എങ്കിലും നിശാന്ത് പ്രതീക്ഷ കാത്തു. അവസാനം വിധി വന്നപ്പോള്‍ നിശാന്ത് പരാജയപ്പെട്ടു.

23കാരനായ നിശാന്ത് ദേവ് മുമ്പ് ഉസ്ബെക്കിസ്ഥാനിലെ താഷ്‌കെന്റില്‍ നടന്ന പുരുഷന്മാരുടെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 71 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.താരത്തിന്റെ ആദ്യ ഒളിമ്പിക്സ് ആണ് ഇത്.നിശാന്ത് കൂടി പരാജയപ്പെട്ടതോടെ ബോക്സിങ്ങ് റേഞ്ചില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശജനകമായി.ഇനി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മാത്രമാണ് പ്രതീക്ഷ.

ബോക്സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്നിറങ്ങുന്നത്.മത്സരം ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിയും.ഉച്ചകഴിഞ്ഞ് 3.02നാണ് മത്സരം.ടോക്കിയോ ഒളിംപിക്സില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ലവ്‌ലിനയ്ക്ക് മെഡല്‍ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍, അത് ചരിത്രമാകും. ബോക്സിങ്ങില്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും ഒന്നിലധികം മെഡലുകള്‍ നേടാന്‍ സാധിച്ചിട്ടില്ല.

ചൈനീസ് താരം ലി ക്വിയാനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ലവ്‌ലിനയെ തോല്‍പിച്ച് സ്വര്‍ണം നേടിയ താരമാണ് ടോപ് സീഡ് ആയ ക്വിയാന്‍. റിയോ ഒളിംപിക്സില്‍ വെങ്കലവും ടോക്കിയോ ഒളിംപിക്സില്‍ വെള്ളിയും നേടിയ ചൈനീസ് താരം മൂന്നാം മെഡല്‍ ലക്ഷ്യം വച്ചാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് എത്തുന്നത്. അതേസമയം, 75 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ലോക ചാംപ്യനാണെന്നത് ഇരുപത്താറുകാരി ലവ്വിനയ്ക്ക് ആത്മവിശ്വാസം പകരും.

അതേസമയം നിശാന്ത് ദേവിന്റെ പരാജയത്തെച്ചൊല്ലി വിവാദവും ഉയര്‍ന്നിട്ടുണ്ട്.മത്സരഫലം അട്ടിമറിച്ചെന്നാണ് ഇന്ത്യയുടെ ആരോപണം.മത്സരത്തിലെ സ്‌കോറിങ് രീതി ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം വിജേന്ദര്‍ സിങ്ങും നടന്‍ രണ്‍ദീപ് ഹൂഡയും രംഗത്തെത്തി. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയുടെ മാര്‍ക്കോ വെര്‍ഡെയോട് 4-1നാണ് നിഷാന്ത് പരാജയപ്പെട്ടത്.

ആദ്യ റൗണ്ടില്‍ നിഷാന്തിനായിരുന്നു വിജയം. എന്നാല്‍ അടുത്ത രണ്ട് റൗണ്ടുകളില്‍ വെര്‍ഡേയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. രണ്ടാം റൗണ്ടില്‍ നിഷാന്ത് മികച്ച പ്രകടനം നടത്തിയിട്ടും വെര്‍ഡേയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിജേന്ദറിനെയും രണ്‍ദീപിനെയും ചൊടിപ്പിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ നിഷാന്തിനെ അഭിനന്ദിച്ച വിജേന്ദര്‍, മത്സരത്തിലെ സ്‌കോറിങ് സിസ്റ്റത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

'സ്‌കോറിങ് സിസ്റ്റം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ, ഞാന്‍ വിചാരിക്കുന്നത് വളരെ കടുത്ത പോരാട്ടമായിരുന്നുവെന്നാണ്. നിഷാന്ത് വളരെ നന്നായി പോരാടി. നിഷാന്ത് ശക്തമായി തിരിച്ചുവരും'- വിജേന്ദര്‍ പറഞ്ഞു. നിഷാന്ത് വിജയിക്കേണ്ടതായിരുന്നെന്നും ഇതെന്ത് സ്‌കോറിങ് രീതിയാണെന്നും രണ്‍ദീപ് ഹൂഡയും ചോദിച്ചു. മെഡല്‍ ലഭിച്ചില്ലെങ്കിലും ഹൃദയം കീഴടക്കിയത് നിഷാന്താണെന്നും ഹൂഡ വ്യക്തമാക്കി. ആദ്യ റൗണ്ട് വിജയിച്ച നിഷാന്ത് തുടര്‍ന്നുള്ള നാല് റൗണ്ടുകളിലും പരാജയപ്പെടുകയായിരുന്നു.