നെടുങ്കണ്ടം: അതിഥിത്തൊഴിലാളിയായ സ്ത്രീയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഡിന്‍ഡോറി സ്വദേശി ലമ്മുസിക് ദുര്‍വേയാണ് (27) പോലിസ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഡിന്‍ഡോറി സ്വദേശി ബസന്തിയെ (40) വ്യാഴാഴ്ച വൈകിട്ടോടെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെങ്കലപ്പാറ കാമാക്ഷി വിലാസം എസ്റ്റേറ്റില്‍ തൊഴിലാളികളായിരുന്ന ഇരുവരും കഴിഞ്ഞ 3 വര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ജോലി കഴിഞ്ഞെത്തിയപ്പോള്‍ ബസന്തി മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ലമ്മുസിക് പറഞ്ഞത്. എന്നാല്‍, വാരിയെല്ലുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇരുവരും സ്ഥിരമായി ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന. മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാകാം യുവതിക്കു പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.