തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിക്കിടന്നത് രണ്ടു ദിവസം. രണ്ടു പകലും രണ്ട് രാത്രിയും രോഗി കുടുങ്ങിക്കിടന്നിട്ടും പുറം ലോകം അറിഞ്ഞില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. വീട്ടുകാര്‍ പരാതി നല്‍കിയതോടെ ഇന്ന് രാവിലെ ലിഫ്്റ്റ് തുറന്ന് നടത്തിയ പരിശോധനയിലാണ് ആളെ കണ്ടെത്തിയത്. ഭക്ഷണമോ വെള്ളമോ കുടിക്കാതെ തീര്‍ത്തും അവശ നിലയിലായിരുന്നു,

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രോഗി ലിഫ്റ്റില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തിയത്. നടുവേദനയ്ക്ക് ചികിത്സ തേടി ശനിയാഴ്ച്ച രാവിലെയാണ് രവീന്ദ്രന്‍ നായര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം ചികിത്സയുടെ രേഖകള്‍ എടുക്കാന്‍ വേണ്ടി വീട്ടില്‍ വന്നു. രവീന്ദ്രന്‍ നായര്‍ തിരികെ വീണ്ടും ആശുപത്രിയല്‍ എത്തി. നടുവ് വേദന കലശലായതിനാല്‍ ഒന്നാം നിലയിലേയ്ക്ക് പോകാന്‍ വേണ്ടി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കയറി്.

ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നെങ്കിലും പൊടുന്നനെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണ് പൊട്ടിയതിനാല്‍ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.

അതേസമയം രവീന്ദ്രന്‍ നായരെ കാണാതായതോടെ കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെ ഓപ്പറേറ്റര്‍ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന രവീന്ദ്രന്‍ നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാര്‍ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റര്‍ പറയുന്നത്. എന്നാല്‍ തകരാറിലുള്ള ലിഫ്റ്റിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രന്‍ നായരുടെ കുടംബം ആരോപിക്കുന്നു. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രന്‍ നായരുടെ കുടുംബം.