തിരുവനന്തപുരം: ഇനി ക്ഷേമ പെന്‍ഷന് മുന്തിയ പരിഗണന. ഇതിനൊപ്പം മന്ത്രിസഭാ പുനസംഘടനയ്ക്കും സാധ്യതകള്‍ ഏറെ. ഉടനുണ്ടായില്ലെങ്കിലും സര്‍ക്കാരിന് മുഖം മിനുക്കല്‍ അനിവാര്യമാണെന്ന നിലപാടിലാണ് സിപിഎം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടുന്നത് ജനവിശ്വാസം ആര്‍ജിക്കുന്ന രാഷ്ട്രീയമുഖവുമായാവണമെന്ന് സി.പി.എം. ഇതിനായി തയ്യാറാക്കുന്ന മാര്‍ഗരേഖയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കാതലായ തിരുത്തല്‍ നിര്‍ദേശമാണുള്ളത്. ഈ തിരുത്തല്‍ മന്ത്രിസഭാ പുനസംഘടനയ്ക്കും വഴിവച്ചേക്കാം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകം. തല്‍കാലം മന്ത്രിസഭാ പുനസംഘടനയെന്ന പാര്‍ട്ടി നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളും.

പ്രവര്‍ത്തനത്തിന് കേഡര്‍മാരെ കിട്ടാനില്ലെന്ന് സിപിഎം തിരിച്ചറിയുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാണെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുന്നതായും വിലയിരുത്തല്‍. വീടുകളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധം ഇല്ലാതാകുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. അതായത് കുറ്റമെല്ലാം സിപിഎം കേഡര്‍മാര്‍ക്ക് നല്‍കുകയാണ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താഴെ തട്ടില്‍ ഉയര്‍ന്ന വിമര്‍ശനവും മറ്റും സിപിഎം സംസ്ഥാന നേതൃത്വവും വിഴുങ്ങുന്നു. ക്ഷേമ പെന്‍ഷനും കേഡര്‍മാരുടെ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ പാര്‍ട്ടി വീണ്ടും മുന്നേറുമെന്നാണ് സിപിഎം സംസ്ഥാന നേതൃയോഗത്തിന്റെ അവലോകനം. അതായത് സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കുള്ള കുറ്റം കേഡര്‍മാര്‍ക്ക് നല്‍കുന്നുവെന്ന് വേണം അനുമാനിക്കാന്‍.

ക്ഷേമപെന്‍ഷന്‍ എല്ലാമാസവും മുടങ്ങാതെ നല്‍കുകയും കുടിശ്ശിക അടുത്തവര്‍ഷത്തോടെ തീര്‍ക്കുകയും ചെയ്യണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന് പ്രധാനമായും നല്‍കുന്നത്. അടിസ്ഥാനജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങരുത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ധാരാളിത്തമുള്ളതാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകാതിരിക്കുകയും വേണം. സര്‍ക്കാര്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടണം. ലൈഫ് ഭവനപദ്ധതിനടപടികള്‍ വേഗത്തിലാക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നാണ് സിപിഎം മാര്‍ഗ്ഗ രേഖ നിര്‍ദ്ദേശിക്കുന്നത്.

അടിസ്ഥാനവിഭാഗങ്ങളുടെ വോട്ടുചോര്‍ച്ചയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതും കാരണമാണ്. ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കാന്‍ ആളില്ലാതാകുന്ന സ്ഥിതിയുണ്ടാകുന്നു. സര്‍ക്കാര്‍പദ്ധതികളില്‍ കേന്ദ്രസഹായം ലഭിക്കാത്തത് തുറന്നുകാണിക്കാന്‍ ഓരോ മേഖലയിലെയും സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങണം. പാര്‍ട്ടിയുടെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതിയുണ്ടായാല്‍ അത് അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും മാര്‍ഗരേഖ പറയുന്നു. സംസ്ഥാനസമിതിയോഗം തിങ്കളാഴ്ച അവസാനിക്കും. മന്ത്രിസഭാ പുനസംഘടനയിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള കരുതല്‍ മുഖ്യമന്ത്രി എടുക്കും. ഇത്തരം നിര്‍ദ്ദേശത്തോടൊന്നും പ്രതികരിക്കുകയുമില്ല.

അടിസ്ഥാന വോട്ട് ബാങ്ക് ആയ ഹൈന്ദവ വോട്ട് വര്‍ഗീയവല്‍ക്കരിച്ച് ബിജെപി സ്വന്തമാക്കിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരികെ കൊണ്ടുവരണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ക്ഷേത്രങ്ങളിലും കലാരൂപങ്ങളിലും വര്‍ഗീയ ശക്തികള്‍ കടന്നുകയറിയത് തടയണം. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സിപിഎം തയാറാക്കിയ മാര്‍ഗരേഖയിലുണ്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കണം. ആക്ഷേപങ്ങള്‍ക്ക് അതീതമായ പ്രവര്‍ത്തന ശൈലി ആവിഷ്‌കരിക്കാനാകണമെന്നും മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു.