കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡനപരാതിയില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും മുന്‍പ് ജാഗ്രത വേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം. സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി നല്‍കിയ വ്യാജപീഡനപരാതിയില്‍ ബന്ധുക്കളായ യുവാക്കളെ ജയിലിലിട്ട സംഭവത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

രക്തബന്ധത്തിലുള്ളവര്‍ക്ക് എതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡന പരാതികളില്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്കു കടക്കും മുന്‍പു പൊലീസ് അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോക്‌സോ നിയമത്തിന്റെ ദുരുപയോഗവും കള്ളപ്പരാതികളും കോടതി നടപടികളെ പോലും പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യം പരിശോധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.

സഹോദരി സ്ഥാനത്തുള്ള കുട്ടിക്കു നന്മ വരാന്‍ ഇടപെട്ടതിന്റെ പേരില്‍ ചെറുപ്രായത്തില്‍ തടവ് അനുഭവിക്കേണ്ടിവന്ന യുവാക്കള്‍ക്കു സര്‍ക്കാര്‍ ചെലവില്‍ കൗണ്‍സലിങ് നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നു സംരക്ഷിക്കാനുള്ള 'പോക്‌സോ' നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ് എന്നു കോടതി പറഞ്ഞു.

ഈ കേസില്‍ പ്രതികള്‍ ജയിലില്‍ക്കഴിഞ്ഞത് 68 ദിവസമാണ്. ഒടുവില്‍ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തു. ജയില്‍വാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസ്സുള്ള യുവാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കൗണ്‍സലിങ് നല്‍കാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു.

യുവാക്കളില്‍ ഒരാള്‍ 2017-ല്‍ താന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊരാള്‍ കഴിഞ്ഞവര്‍ഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ മേയ് 30-ന് യുവാക്കള്‍ അറസ്റ്റിലായി. ഇരുവരുടെയും ജാമ്യഹര്‍ജിയോടൊപ്പം പരാതി വ്യാജമാണെന്ന് പെണ്‍കുട്ടിയും പിതാവും സത്യവാങ്മൂലം ഫയല്‍ചെയ്തിരുന്നു. കോടതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയും സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനല്‍കിയതെന്ന് അറിയിച്ചു.

യുവാക്കള്‍ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും പറഞ്ഞു. ഇരുവരും തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പെണ്‍കുട്ടി പരാതിനല്‍കിയത് അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോഴാണെന്ന് പിതാവും പറഞ്ഞു. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി തെറ്റായ പരാതിനല്‍കിയാല്‍ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാല്‍, നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് യുവാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. വ്യാജ പരാതി നല്‍കാന്‍ കുട്ടിയെ പ്രേരിപ്പിച്ചവര്‍ക്കെതിരെ ഇനി കേസെടുക്കാനും സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ ജാമ്യം കിട്ടിയ യുവാക്കള്‍ എടുക്കുന്ന നിയമ നടപടികള്‍ നിര്‍ണ്ണായകമാകും.

കുടുംബ തര്‍ക്കങ്ങളിലും പിതാവിനെതിരെ കുട്ടികളെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കള്ളപ്പരാതി നല്‍കിയാലും നടപടിയില്‍ നിന്നു സംരക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പക്ഷേ, ഇത്തരം കള്ളപ്പരാതിയില്‍ അന്യായമായി തടവില്‍ കഴിയേണ്ടി വരുന്നവരുടെ ദുരിതത്തിനും മനോവ്യഥയ്ക്കും ആര് നഷ്ടപരിഹാരം നല്‍കുമെന്നു കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ വിശദമായി പരിശോധിക്കണം എന്നാണ് ഈ കേസില്‍ കോടതി പറയുന്നത്.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ കള്ളക്കേസ് നല്‍കിയതാണെന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത് വിശ്വാസത്തില്‍ എടുക്കുകയാണ് കോടതി ചെയ്തത്. വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണു പരാതി നല്‍കിയ കാര്യം അറിഞ്ഞതെന്നു പെണ്‍കുട്ടിയുടെ വീട്ടുകാരും കോടതിയില്‍ വിശദീകരിച്ചിരുന്നു.