തിരുവനന്തപുരം: കേരള പൊലീസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് റുമേനിയക്കാരനെന്ന് കണ്ടെത്തി അന്വേഷണം. ബുച്ചാറെസ്റ്റില്‍ താമസിക്കുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തിയത്. ഇതിന് ശേഷം കേരളാ പൊലീസിനോടു വില പേശുകയും ചെയ്തു. ഇന്റര്‍പോള്‍ സഹായത്തില്‍ പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമിക്കും. ഇതിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്.

2023 നവംബറിലാണ് കേരളാ പൊലീസ് വിവരശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിന് (സിസിടിഎന്‍എസ്) നേരെ ഹാക്കിങ് ശ്രമം നടന്നത്. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അറിയിച്ചു. തെളിവായി തിരൂര്‍ സ്റ്റേഷനില്‍നിന്ന് ചോര്‍ത്തിയെന്ന് അവകാശപ്പെട്ടതുള്‍പ്പെടെ മൂന്നു രേഖകള്‍ നല്‍കി. ഈ അവകാശ വാദം പോലും തട്ടിപ്പായിരുന്നു.

ഈ രേഖകള്‍ രഹസ്യമായവ അല്ലെന്നും പൊതു പ്ലാറ്റ്ഫോമില്‍ ലഭ്യമായവ ആണെന്നും അന്വേഷണത്തില്‍ വ്യക്തമായതോടെ ഹാക്കറുടെ അവകാശവാദം പൊളിഞ്ഞു. തുടര്‍ന്ന് സൈബര്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയാരാണെന്നു കണ്ടെത്തിയത്. ഇയാളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. പണം നേടാന്‍ വേണ്ടി യുവാവ് ഒറ്റയ്ക്കാണ് ഹാക്കിങ് ശ്രമം നടത്തിയതെന്നാണു സൂചന. ഇതിന് ശേഷം പോലീസ് സര്‍വ്വറുകളുടെ സുരക്ഷ കൂട്ടുകയും ചെയ്തു. ഐപി ആഡ്രസ് അടക്കം ഉപയോഗിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിയുന്നത്. ഇയാളെ ചോദ്യം ചെയ്താലേ ഇനി കൂടുതല്‍ വിവരങ്ങള്‍ കിട്ടൂ.