മുട്ടം: ഗോവ ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൊടുപുഴ ബസ്സ്റ്റാന്‍ഡില്‍ വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടം സ്റ്റേഷനിലെ സി.പി.ഒ. വെങ്ങല്ലൂര്‍ സ്വദേശി സിനാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുതൊണ് നടപടി.

തൊടുപുഴ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് ഞായറാഴ്ച രാവിലെ മര്‍ദനമേറ്റത്. ഡ്യൂട്ടിക്കിടെ മര്‍ദിച്ചതിനും സേനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനുമാണ് നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ സി.ഐ.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാകും തുടര്‍നടപടി. അതിനിടെ മര്‍ദനമേറ്റ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നിരുന്നാലും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കനടപടിയുണ്ടായത്.

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള കടന്ന് പോകുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയോട് ഈ സമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിനാജ് ആണ് അക്രമണം നടത്തിയത്. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. ഈ സമയം സിവില്‍ പൊലീസ് ഓഫീസര്‍ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.സംഭവത്തിന് പിന്നാലെ ഇരുചെവിയറിയാതെ പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.