കല്‍പ്പറ്റ; വയനാട് പുത്തുമലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് 372 മില്ലിമീറ്റര്‍ മഴയാണ്. 48 മണിക്കൂറില്‍ 572മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. തേറ്റമലയില്‍ 24 മണിക്കൂറിനുള്ളില്‍ 409 മില്ലിമീറ്റര്‍ മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മഴയാണ് മുണ്ടക്കൈയില്‍ ദുരന്തമായി മാറിയത്. അഞ്ചുവര്‍ഷം മുമ്പ് 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ദുരന്തം പെയ്തിറങ്ങിയത്. മലവെള്ളം കുത്തിയൊഴുകി എത്തിയപ്പോള്‍ ഉറക്കത്തില്‍ ജീവന്‍ നഷ്ടമായത് 17 പേര്‍ക്ക്. ഇത്തവണ അതിനുമപ്പുറത്തേക്ക് ദുരന്തവ്യാപ്തിയുണ്ടായി. പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല.

താങ്ങാനാവുന്നതില്‍ കൂടുതല്‍ മഴ എത്തുമ്പോള്‍ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിലിടിച്ചിലും ഉണ്ടാക്കും. മണ്ണിന് വെള്ളത്തെ ഉള്‍കൊള്ളാന്‍ പരിമിതിയുണ്ട്. ഈ പരിമിതി കാരണം തുടരെ മഴപെയ്താല്‍ വെള്ളത്തെ വലിച്ചെടുക്കാനാകില്ല. പരിമിതിക്കപ്പുറം വെള്ളം എത്തിയാല്‍ പിന്നീട് മണ്ണ് സ്വീകരിക്കില്ല. അത് മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമാകും. സോയില്‍ പൈപ്പിങ് പ്രതിഭാസത്തില്‍ മേല്‍ഭാഗത്ത് പ്രശ്‌നങ്ങളൊന്നും കാണില്ല. പക്ഷേ കുന്നിന്റെ അടിഭാഗത്ത് നിന്നും തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും ഒഴുകിപ്പോകും. അങ്ങനെ സംഭവിക്കുമ്പോള്‍ മേല്‍ഭാഗത്തെ കുന്ന് ഇരിക്കുകയും ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതും പുത്തുമലയിലും ചൂരല്‍മലയിലും ദുരന്തകാരണമായി എന്ന വലിയിരുത്തലുമുണ്ട്.

ഈ മേഖലയില്‍ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ചെറിയ തോതില്‍ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ഭൂമി വിണ്ടുകീറിയിട്ടുണ്ടാകും. ശക്തമായ മഴ ഈ ഭാഗത്ത് സമ്മര്‍ദ്ദമായതും ഉരുള്‍ പോട്ടലിന് കാരണമാകാനുള്ള സാധ്യതകളിലൊന്നാണ്. 2019ല്‍ പുത്തുമലയിലെ 57 വീടുകള്‍ പൂര്‍ണമായി മണ്ണെടുത്തു പോയപ്പോള്‍, ഒഴുകിയെത്തിയ ഉരുളില്‍ ഒലിച്ചുപോയത് ഒരു ഗ്രാമം തന്നെയായിരുന്നു. ചൂരല്‍മലയില്‍ 2024ലെ ദുരന്തം അതിനു അപ്പുറത്തേക്കായി. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ചൂരല്‍മലയ്ക്ക് സമീപത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി.

പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി നിരവധി പേര്‍മണ്ണിനടിയിലായ വാര്‍ത്ത പുറത്ത് വരുമ്പോള്‍ പ്രളയം നശിപ്പിച്ച കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങള്‍ ഓര്‍മ്മയിലെത്തുകയാണ്.

കാലം തെറ്റി മഴ പെയ്യുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഇത് വയനാടിനേയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ അനുരണനമാണ് ഈ ദുരന്തവും ചര്‍ച്ചയാക്കുന്നത്. കേരളത്തെ നടുക്കിയ ആ ദുരന്തങ്ങളുടെ അഞ്ചാം വാര്‍ഷികത്തിനോട് അടുപ്പിച്ചാണ് ഇപ്പോഴത്തെ ഉരുള്‍ പൊട്ടല്‍. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് തുടങ്ങി രാത്രിയിലേക്ക് നീണ്ടു പെയ്ത മഴ വയനാട് പുത്തുമലയില്‍ ഉരുള്‍ പൊട്ടല്‍ സൃഷ്ടിച്ച് 17 ജീവനുകളാണ് കവര്‍ന്നത്. അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയില്‍ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്.