കോട്ടയം: ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചെരിഞ്ഞു. 40 വയസായിരുന്നു. പാപ്പാലപ്പറമ്പില്‍ പോത്തന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു പുതുപ്പള്ളി അര്‍ജുനന്‍. കളഭകേസരിയെന്നാണ് പുതുപ്പള്ളി അര്‍ജുനന്‍ അറിയപ്പെടുന്നത്. അസമില്‍ നിന്നാണ് പുതുപ്പള്ളി അര്‍ജുനനെ കേരളത്തിലെത്തിച്ചത്.

എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴയാനയാണ് പുതുപ്പള്ളി അര്‍ജുനന്‍. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു.

ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.