- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കൂടോത്രത്തിന് പിന്നില്‍ സുധാകരന്റെ കസേര കൊതിക്കുന്നവരോ? അതോ സ്ഥാനം നഷ്ടമായവരുടെ 'നൈസ്' പണിയോ? ഉറവിടമില്ലാതെ ക..മ എന്ന് മിണ്ടരുതെന്ന് ഉണ്ണിത്താനും!
കാസര്‍ഗോഡ്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ വീട്ടുപറമ്പില്‍ നിന്നും 'കൂടോത്ര' അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരിക്കാതെ രാജ്മോഹന്‍ ഉണ്ണിത്താന്. കെ സുധാകരനൊപ്പം വീട്ടില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ കണ്ടെടുക്കുമ്പോള്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ ഉണ്ണിത്താന് തയ്യാറാകാത്തതും.
വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് എം പി സ്വീകരിച്ചത്. 'ആരാണ് വീഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്' എന്നായിരുന്നു പ്രതികരിക്കണം. പറഞ്ഞകാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
കൂടോത്രത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ ഫലമില്ലെന്ന വിധത്തിലുള്ള ചര്‍ച്ചകളിലൂടെയാണ് ഉണ്ണിത്താന്റെ നിലപാട് വിമര്‍ശിക്കപ്പെടുന്നത്. നേരത്തെ കൂടോത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്ന് ഉണ്ണിത്താന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഉണ്ണിത്താന് കൂടുതല്‍ പറയേണ്ടി വരുമെന്ന സൂചന നല്‍കുന്നതാണ്.
ഒന്നര വര്‍ഷം മുന്‍പുള്ള വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. വീട്ടുപറമ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോയില്‍ കെ സുധാകരനൊപ്പം ഉണ്ണിത്താനും ഉണ്ട്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് നിര്‍ദേശവും നല്‍കുന്നുണ്ട്.
തന്നെ അപായപ്പെടുത്താന്‍ 'കൂടോത്രം' വെച്ചെന്നാണ് കെ സുധാകരന് പ്രതികരിച്ചത്. രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആരോപണവുമായി കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന് പെരിയ രംഗത്തെത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ബാലകൃഷ്ണന് പെരിയയുടെ ആരോപണം. കെ സുധാകരനെതിരെ കൂടോത്രം നടത്തുന്നതിന് പിന്നാല് കെപിസിസി അധ്യക്ഷ കസേര കൊതിക്കുന്നവരാണോ അതോ, പാര്‍ട്ടിയില്‍ സ്ഥാനം നഷ്ടമായവരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതിന് മുമ്പും കെപിസിസി അധ്യക്ഷന്മാര് കൂടോത്രത്തിന് ഇരകളായിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പ് 2018ല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ വീടിനു നേരെ കൂടോത്രം നടന്നു. അന്ന് ഈ കൂടോത്രം കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്നത് സുധാകരന്റെ വീട്ടിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനാണെന്നു സുധീരനുമായി അടുപ്പമുള്ളവര്‍ പറയുന്നു. മന്ത്രവാദിയുമായി എത്തിയാണു സുധീരന്റെ വീട്ടിലെ കൂടോത്രം ഉണ്ണിത്താന് കണ്ടെത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സുധീരന് പടിയിറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന് നേരെയായിരുന്നു ആരോപണം.
തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരന്റെ വീട്ടില്‍ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേര്‍ന്നുള്ള വാഴയുടെ ചുവട്ടില്‍ നിന്നാണു കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയത്. എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരന് പുറത്തു പറഞ്ഞില്ല. ഭര്‍ത്താവും ഭാര്യയും അടുത്ത് അറിയാവുന്നവരും ഉള്ളിലൊതുക്കി. ഒന്‍പതാം തവണയും കൂടോത്ര ഉപകരണങ്ങള്‍ കണ്ടെടുത്തതോടെയാണു സഹികെട്ട് ഇക്കാര്യം സുധീരന് എല്ലാം തുറന്നു പറഞ്ഞത്. ഇതോടെ സുധീരന്റെ വീട്ടിലെ കൂടോത്രവും നിന്നു.
കെപിസിസി ഓഫിസില്‍ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് ഇയാളെ ഓഫിസില്‍നിന്നു പുറത്താക്കിയിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണോ പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നൊക്കെ നേതാക്കള്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണോയെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. കെപിസിസി ഓഫിസ് അടക്കി ഭരിച്ചിരുന്ന ഇയാളെ സുധീരന് അധ്യക്ഷ സ്ഥാനത്തെത്തിയതോടെ മൂലയ്ക്കിരുത്തി.
സുധാകരന്റെ വീട്ടില്‍ നിറയെ സിസിടിവി ക്യാമറയുണ്ട്. പോരാത്തിന് നല്ല പട്ടികളും. ഇതെല്ലാം അവഗണിച്ചാണ് ആരാണ് കൂടോത്രം കൊണ്ടിട്ടതെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ കൂട്ടച്ചിരിയാണ് ഉണ്ടാക്കുന്നത്. സുധാകരനാകട്ടെ ഇയാളെ പുറത്താക്കുകയും ചെയ്തു. ഇയാള്‍ക്ക് കൂടോത്ര പരിപാടികളുണ്ടെന്നു കെപിസിസി ഓഫിസിലെ പരസ്യമായ രഹസ്യമാണ്. സിപിഎം നേതാക്കളുടെ വീട്ടിലും ഇങ്ങനെയൊക്കെയുണ്ടെന്നാണ് പാര്ട്ടിക്കാര് പറയുന്നത്. സിപിഎമ്മിന്റെ ഉന്നത സ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തിയുടെ വീട്ടിലെ പൂജകള്‍ പരസ്യമായ രഹസ്യമായിരുന്നു. ഇതെല്ലാം സിപിഎമ്മിനും അന്ന് തലവേദനയായി മാറി.