- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകനായി രോഹിത് തുടരും; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കിരീടമുയര്‍ത്തും; ഈ ടീമില്‍ വിശ്വാസമുണ്ടെന്ന് ജയ് ഷാ
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് - ഏകദിന ടീമുകളുടെ നായകനായി രോഹിത് ശര്‍മ്മ തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് അറിയിച്ചത്. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം പറഞ്ഞു.
2023 ഏകദിന ലോകകപ്പിലെ വേദന മായ്ക്കാന്‍ ട്വന്റി 20 കിരീടനേട്ടത്തിലൂടെ ടീം ഇന്ത്യക്ക് സാധിച്ചു. 10 മത്സരങ്ങള്‍ ജയിച്ചതിന് ശേഷം 2023 നവംബര്‍ 23നാണ് ടീം ഇന്ത്യക്ക് കാലിടറിയത്. കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നെങ്കിലും ലോകകപ്പ് നേടാനായില്ല. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പേര് പുനര്‍ നാമകരണം ചെയ്ത വേദിയില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമെന്നും ബാര്‍ബഡോസില്‍ ത്രിവര്‍ണ്ണ പതാക ഉയരുമെന്നും ഞാന്‍ പറഞ്ഞിരുന്നു. ജൂണ്‍ 29ന് വാക്കുകള്‍ സത്യമായി. നായകന്‍ രോഹിത് ബാര്‍ബഡോസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ജയ് ഷാ പറഞ്ഞു.
ഇന്ത്യയുടെ 13 വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയാണ് സമ്മാനമായി ബിസിസിഐ നല്‍കിയത്. കഴിഞ്ഞ ദിവസം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി ടീമിന് ആ തുക സമ്മാനിക്കുകയും ചെയ്തു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ശേഷമുള്ള ഇന്ത്യയുടെ രണ്ടാം കിരീടമായിരുന്നു ഇത്.
ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ ട്വന്റി20 ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍ എത്തുമെന്ന കാര്യം ഉറപ്പായി. ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകന്‍ വരുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ ഏകദിനത്തിലും ടെസ്റ്റിലും ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിക്കുന്ന പ്രഖ്യാപനമാണിത്.
മെന്‍ ഇന്‍ ബ്ലൂ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മുമ്പ് രണ്ട് ഫൈനലുകള്‍ ഏകദിന ലോകകപ്പ്, ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ടി20 വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായി ടി20 ലോകകപ്പ് വിജയം സമര്‍പ്പിക്കുന്നുവെന്ന് ജയ് ഷാ അറിയിച്ചു.