ലണ്ടന്‍: ഋഷി സുനക് സര്‍ക്കാറിന്റെ റുവാണ്ട പദ്ധതിയനുസരിച്ച് തടവിലാക്കപ്പെട്ട് റുവാണ്ടയിലേക്ക് അയക്കാന്‍ കാത്തിരിക്കുന്ന ശേഷിക്കുന്ന രണ്ട് കുടിയേറ്റക്കാരെയും ഉടന്‍ വിട്ടയക്കാന്‍ പുതിയ സര്‍ക്കാര്‍. രണ്ട് അഭയാര്‍ത്ഥികളെയും ഉടന്‍ ജാമ്യത്തില്‍ വിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിയിരിക്കുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് 218 കുടിയേറ്റക്കാരെ ജാമ്യത്തില്‍ വിട്ടയച്ചതായും ആഭ്യന്തര സെക്രട്ടറിയുടെ വക്താവ് വെളിപ്പെടുത്തി. അനധികൃത കുടിയേറ്റം നേരിടാനുള്ള മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നയത്തിന്റെ ഭാഗമായി അവരെ കിഴക്കന്‍-മധ്യ ആഫ്രിക്കന്‍ രാജ്യത്തേക്ക് നാടുകടത്തേണ്ടതായിരുന്നു. എന്നാല്‍ അവരെ ജാമ്യത്തില്‍ വിടുകയാണുണ്ടായത്.

2022ലാണ് അനുമതിയില്ലാതെ ബ്രിട്ടനിലെത്തിയ 220 കുടിയേറ്റക്കാരെ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തിലേക്ക് അയയ്ക്കാനുള്ള പദ്ധതി ആദ്യം ഋഷി സുനക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് ചെറിയ ബോട്ടുകളില്‍ അഭയം തേടുന്നവരെ അവസാനിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ നീളുനന് നിയമപരമായ വെല്ലുവിളികള്‍ കാരണമാണ് പദ്ധതി പ്രകാരം ആരെയും റുവാണ്ടയിലേക്ക് അയക്കാതിരുന്നത്.

അതേസമയം, റുവാണ്ട നാടുകടത്തല്‍ പദ്ധതി 'മരിച്ചതും കുഴിച്ചിട്ടതും' ആണെന്നാണ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായതിന്റെ ആദ്യ ദിവസം തന്നെ പ്രതികരിച്ചത്. നമ്പര്‍ 10ലേക്ക് പ്രവേശിച്ചതിന് ശേഷമുള്ള തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍, ഈ പദ്ധതി ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും '1% ല്‍ താഴെ' ചെറു ബോട്ടുകളെ മാത്രമേ നാടുകടത്തുകയുള്ളൂവെന്നുമാണ് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജൂലൈ ആദ്യ ആഴ്ചകളില്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് ഋഷി സുനക് പറഞ്ഞതിനെത്തുടര്‍ന്ന് ഏപ്രില്‍ അവസാനം മുതല്‍ നിരവധി അഭയാര്‍ത്ഥികളെ തടങ്കലില്‍ വച്ചിരുന്നു.

മുന്‍ സര്‍ക്കാറിനു കീഴില്‍ നാടുകടത്താന്‍ തടവിലാക്കിയ ആളുകളുടെ എണ്ണം സ്ഥിരീകരിക്കാന്‍ ആഭ്യന്തര ഓഫീസ് വിസമ്മതിച്ചു. എങ്കിലും പദ്ധതി പ്രകാരം റുവാണ്ടയിലേക്ക് അയക്കുന്നതിനായി മൊത്തം 220 പേരെ തടവിലാക്കിയതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമ്മറില്‍ പുതിയ 'ബോര്‍ഡര്‍ സെക്യൂരിറ്റി കമാന്‍ഡര്‍' റിക്രൂട്ട്‌മെന്റ് നടത്താനും പുതിയ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലും ആദ്യത്തെ രാജാവിന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പാര്‍ലമെന്ററി ഭൂരിപക്ഷങ്ങളിലൊന്ന് നേടിയാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് ശേഷമുള്ള ഏറ്റവും ശക്തനായ ബ്രിട്ടീഷ് നേതാവായി അദ്ദേഹത്തെ മാറ്റിയിരിക്കുകയാണിത്. എന്നാല്‍ പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അദ്ദേഹം നേരിടുന്നുണ്ട്.