പ്രളയ ദുരിതാശ്വാസ പണപ്പിരിവ് കൊളളയെന്ന ഹൈക്കോടതിയുടെ 2018ലെ ഉത്തരവ് ഇത്തവണ കരുതലായി; സാലറി ചലഞ്ചിന് സമ്മതപത്രം വരുമ്പോള്‍
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നല്കുമ്പോള് അത് പിരിക്കുക സമ്മത പത്രം നല്കുന്നവരില് നിന്നും മാത്രം. പ്രളയകാലത്തെ നിര്‍ബന്ധിത പിരിവ് വിവാദമായിരുന്നു. കോടതി ഇടപെടലും ഉണ്ടായി. ഈ സാഹചര്യത്തിലാണ് സാലറി ചലഞ്ചിലെ സര്‍ക്കാര്‍ കരുതല്‍. പ്രളയദുരിതാശ്വാസത്തിന്റെ പേരിലുളള നിര്‍ബന്ധിത പണപ്പിരിവ് കൊളളയെന്ന് ഹൈക്കോടതിയുടെ 2018ലെ ഉത്തരവ് ഏറെ ചര്‍ച്ചയായിരുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നല്കുമ്പോള് അത് പിരിക്കുക സമ്മത പത്രം നല്കുന്നവരില് നിന്നും മാത്രം. പ്രളയകാലത്തെ നിര്‍ബന്ധിത പിരിവ് വിവാദമായിരുന്നു. കോടതി ഇടപെടലും ഉണ്ടായി. ഈ സാഹചര്യത്തിലാണ് സാലറി ചലഞ്ചിലെ സര്‍ക്കാര്‍ കരുതല്‍.
പ്രളയദുരിതാശ്വാസത്തിന്റെ പേരിലുളള നിര്‍ബന്ധിത പണപ്പിരിവ് കൊളളയെന്ന് ഹൈക്കോടതിയുടെ 2018ലെ ഉത്തരവ് ഏറെ ചര്‍ച്ചയായിരുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. ഇതാണ് അന്ന് കോടതിയില്‍ ചോദ്യം ചെയ്തത്. നിര്‍ബന്ധിതമായ ഈ പിരിവ് കൊളളയാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാര്‍ സഹകരിക്കണമെന്നും ഒരു മാസത്തെ ശമ്പളം താല്പര്യമുളളവര്ക്ക് നല്‍കാമെന്നുമാണ് മുഖ്യമന്ത്രി പോലും പറഞ്ഞത്. സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നത് ശരിയല്ലെന്നും വിശദീകരിച്ചിരുന്നു.
അതുകൊണ്ടാണ് 2024ല്‍ സര്‍ക്കാര്‍ സമ്മത പത്രം വാങ്ങുന്നത്. സാലറി ചലഞ്ച് സര്‍ക്കാരിന്റെ നിര്‍ബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി തെന്ന വിശദീകരിച്ചിരുന്നു. നിര്‍ബന്ധിത പിടിച്ചെടുക്കല്‍ പാടില്ലെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ എല്ലാ ജീവനക്കാരും ശമ്പളം നല്‍കുമെന്നാണ് സൂചന.
സര്‍ക്കാരിന്റെ അഭ്യര്‍ഥന സര്‍വീസ് സംഘടനകള്‍ പൊതുവേ സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാസ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍നിന്ന് നല്‍കാം. തവണകളായി അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കാം. സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്.
സ്പാര്‍ക്ക് മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും. അഞ്ചുദിവസത്തില്‍ കൂടുതല്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു പക്ഷ സംഘടനാ നേതാക്കള്‍ കൂടുതല്‍ ദിവസത്തെ ശമ്പളം നല്‍കിയേക്കും.