കൊച്ചി: സംഗീതനിശ സംഘടിപ്പിച്ചതില്‍ ഷാന്‍ റഹ്‌മാന്‍ 38 ലക്ഷ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രഥാമികമായി പരാതിയില്‍ വസ്തുതയുണ്ടെന്നാണ് വിലയിരുത്തല്‍. വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനുമാന് ഷാന്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കുമെതിരേ സൗത്ത് പോലീസ് കേസെടുത്തത്. പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതിക്കാരന്‍. കേസില്‍ ഷാന്‍ റഹ്‌മാനോട് 31-നകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ സംഗീത സംവിധായകനെ അറസ്റ്റു ചെയ്യില്ല. പകരം 31-വരെ കാത്തു നില്‍ക്കും. ചോദ്യം ചെയ്യലിന് ഷാന്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ജനുവരി 25-ന് തേവര എസ്എച്ച് ഗ്രൗണ്ടില്‍ ഷാന്‍ റഹ്‌മാന്റെ ട്രൂപ്പായ ഇറ്റേണല്‍ റേ നടത്തിയ 'ഉയിരേ' സംഗീത പരിപാടിയിലൂടെ പണം തട്ടിച്ചതായാണ് പരാതി. ഗതാഗത തടസ്സമുണ്ടായതിനും അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്‌മാനെതിരേ കേസെടുത്തിരുന്നു. 25-ല്‍ നടന്ന പരിപാടിയുടെ സംഘാടന ചുമതല നിജു രാജിനെയാണ് ഏല്‍പ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ബുക്കിങ് ആപ്പുവഴി 38 ലക്ഷം രൂപയുടെ ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞ പ്രകാരം 38 ലക്ഷം രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിജു രാജ് സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഷാന്‍ റഹ്‌മാന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ ഒത്തുതീര്‍പ്പിനുള്ള ശ്രമവും തുടങ്ങിയതായാണ് വിവരം. ഔദ്യോഗികമായി കരാറുണ്ടാക്കിയുരുന്നില്ലെന്നാണ് സൂചനകള്‍.ഇത് ഷാന്‍ റഹ്‌മാന് അനുകൂലമായി മാറിയേക്കുമെന്ന വിലയിരുത്തലും സജീവമാണ്. സംഗീത സംവിധായകന്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ പരാതിയക്ക് ആധാരമായ 'ചതി'യുടെ കാരണം പറയുന്നില്ല. സാധാരണ കുറ്റ നിഷേധം മാത്രമായി അട് മാറുകയും ചെയ്തു.

തനിക്കെതിരായ സാമ്പത്തിക ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്.ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 34 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പറയുന്നത്. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിക്കുന്നു.

ഷാന്‍ റഹ്‌മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:-

ജനുവരി 25ന് നടന്ന ഉയിരേ ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു. നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.