തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ശക്തമായ കഥാപാത്രം സേനാപതി തന്റെ രണ്ടാം വരവില്‍ തിയേറ്ററില്‍ പരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായപ്പോള്‍ മുതല്‍ ചിത്രത്തെത്തെക്കുറിച്ച് സമിശ്ര അഭിപ്രായമാണ് പുറത്ത് വന്നുകൊണ്ടിരുന്നത്.പിന്നീട് അത് മോശമെന്ന തരത്തിലേക്കെത്തി രണ്ടാം ദിവസം ആകുമ്പോഴേക്കും ശങ്കര്‍ എന്ന ബ്രഹ്മാണ്ഡ സംവിധായകന്റെ കരിയറിലെ തന്നെ മോശം ചിത്രമെന്ന തരത്തിലേക്ക് വരെ ചര്‍ച്ചകള്‍ എത്തിയിരിക്കുകയാണ്.

ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ കമലഹാസന്റെ ചിത്രത്തിലെ ഗെറ്റ്അപ്പുകളെക്കുറിച്ചൊക്കെ തന്നെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു.എങ്കിലും ശങ്കറിന്റെയും കമലിന്റെയും ആരാധകര്‍ക്ക് ചിത്രത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു.ഇ പ്രതീക്ഷകളെയും അസ്ഥാനാത്താക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.എന്നാല്‍ ഇന്ത്യന്‍ 2 ലും ശങ്കറിന് കാലിടറുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു പേരാണ്.തമിഴ് സാഹിത്യകാരന്‍ സുജാത രംഗരാജന്റെത്.ശങ്കറിന്റെ തുടക്കം കാലം മുതല്‍ക്കെ അദ്ദേഹത്തിനൊപ്പം സുജാതയും ഉണ്ടായിരുന്നു.സുജാതയുടെ മരണശേഷം ഇന്ത്യന്‍ 2 വരെ ശങ്കറിന്റെ ഗ്രാഫ് കൃത്യമായി താഴുന്നുവെന്നും പലരും നിരീക്ഷിക്കുന്നു.

2008 ല്‍ സുജാത അന്തരിച്ചപ്പോള്‍ തന്നെ ഇ വിടവ് ശങ്കര്‍ സിനിമയ്ക്ക് ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.എങ്കിലും മേക്കിങ്ങ് കൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്ന സംവിധായകന്റെ കഴിവില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.പക്ഷെ ഇന്ത്യന്‍ 2 കൂടി പരാജയപ്പെട്ടതോടെ മേക്കിങ്ങ് മാത്രമല്ല ശക്തമായ എഴുത്തുകൂടിയായിരുന്നു ശങ്കര്‍ സിനിമയുടെ ബലം എന്ന് ഉറപ്പിക്കപ്പെടുകയാണ്.സിനിമ സ്‌ക്രീനില്‍ ശങ്കറിനൊപ്പം സുജാതയുടെ പേര് തെളിഞ്ഞത് വൈകിയാണെങ്കിലും ശങ്കറിന്റെ ആദ്യ സിനിമ മുതല്‍ സുജാത ശങ്കര്‍ സിനിമയുടെ ഭാഗമായിരുന്നു.

സുജാതയുടെമരണശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.കഥാ ചര്‍ച്ചകള്‍ക്കായി തങ്ങള്‍ ധാരാളം യാത്രകള്‍ നടത്താറുണ്ടെന്നും ആ ചര്‍ച്ചകളായിരുന്നു തന്റെ സിനിമ കാഴ്ച്ചപ്പാടുകളെ പരുവപ്പെടുത്തിയത് എന്നുമായിരുന്നു ശങ്കര്‍ വ്യക്തമാക്കിയത്.ഒരിക്കലും പണത്തിന്റെ പിറകെ പോകുന്ന ആളായിരുന്നില്ല സുജാത.സിനിമ കോടികള്‍ വാരുമ്പോള്‍ പ്രതിഫലത്തെക്കുറിച്ച് ചോദിച്ചാല്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സിനിമയ്ക്ക് ശേഷം നന്ദി പറയുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു 'ശങ്കര്‍ എന്നോട് നന്ദി പറയുന്നതെന്തിന്, നീ എന്റെ മകനെപ്പോലെയാണ്'ഇങ്ങനെ സുജാതയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം ആ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

അധികവും വിജിലാന്റെ എന്ന തീമില്‍ മാത്രം സിനിമകള്‍ ചെയ്തിട്ടും ശങ്കര്‍ സിനിമകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് വൈകാരികമായും പ്രേക്ഷകനോട് കണക്ട് ചെയ്യാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചു എന്നതിനാലാണ്.അന്യനിലും എന്തിരനിലും ഇന്ത്യന്റെ ആദ്യഭാഗത്തുമെല്ലാം ഈ എലമെന്റ് വ്യക്തമായിരുന്നു.ഈ കെട്ടുറപ്പാണ് സുജാതയുടെ മരണത്തോടെ ശങ്കര്‍ സിനിമകള്‍ക്ക് നഷ്ടമായത്.ക്രെഡിറ്റ്സില്‍ സംഭാഷണങ്ങളില്‍ മാത്രമാണ് അധികവും സുജാതയുടെ പേര് കാണാറുള്ളതെങ്കിലും ശങ്കര്‍ തന്നെ പറഞ്ഞത് പ്രകാരം ഒരു സിനിമയുടെ പ്രാഥമിക ചര്‍ച്ച മുതല്‍ സുജാത പിന്നണിയില്‍ ഉണ്ടാകാറുണ്ട്.വിജയമായിരുന്നെങ്കിലും എന്തിരന്‍ 2വിന്റെ എഴുത്ത് വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. സമാനമായ പ്രതികരണമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടുള്ള ഇന്ത്യന്‍ 2 സിനിമയ്ക്കും ലഭിക്കുന്നത്.

1993ല്‍ തന്റെ ആദ്യ സിനിമയായ ജെന്റില്‍ മാന്‍ മുതല്‍ എന്തിരന്‍ വരെ ശങ്കര്‍ സിനിമകളുടെ നട്ടെല്ലായി നിന്നത് എഴുത്തുകാരനായ സുജാത രംഗരാജന്‍ എന്ന സുജാതയുടെ കെട്ടുറപ്പുള്ള തിരക്കഥയും സംഭാഷണങ്ങളുമായിരുന്നു.2008ല്‍ സുജാത അന്തരിച്ചിരുന്നെങ്കിലും എന്തിരന്‍ സിനിമയ്ക്ക് പിന്നില്‍ സുജാതയും ഭാഗമായിരുന്നു.സുജാതയുടെ ചെറുകഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു എന്തിരന്‍ ഉണ്ടായത് തന്നെ.2008ല്‍ സുജാത മരണപ്പെട്ടതോടെ ശങ്കര്‍ സിനിമകളുടെ തിരക്കഥയുടെയും സംഭാഷണങ്ങളുടെയും കരുത്ത് തന്നെ നഷ്ടമായി. ഇത് വ്യക്തമാക്കുന്നതാണ് തുടര്‍ന്ന് വന്ന ശങ്കര്‍ സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍.

കമലഹാസനെ തിരക്കഥാകൃത്താക്കിയ സാഹിത്യകാരന്‍

തന്റെ 64 വര്‍ഷത്തെ കരിയറില്‍ ഉലകനായകന്‍ കമലഹാസന്‍ കൈവെക്കാത്ത മേഖലകള്‍ സിനിമയിലില്ല.അഞ്ച് ദേശീയ അവാര്‍ഡും, നിരവധി സംസ്ഥാന അവാര്‍ഡും നേടിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്. 1980ല്‍ പുറത്തിറങ്ങിയ ഗുരു എന്ന ചിത്രത്തിലാണ് കമല്‍ ഹാസന്‍ ആദ്യമായി തിരക്കഥ എഴുതിയത്.പിന്നീട് ഒട്ടനവധി ചിത്രങ്ങള്‍ക്ക് താരം തിരക്കഥ രചിച്ചിട്ടുണ്ട്.തിരക്കഥാകൃത്താവാന്‍ തനിക്ക് പ്രചോദനമായ എഴുത്തുകാരനെക്കുറിച്ച് ഈയടുത്താണ് കമലഹാസന്‍ വെളിപ്പെടുത്തിയത്.

തമിഴിലെ വിഖ്യാത നോവലിസ്റ്റും, ഒട്ടനവധി സിനിമകള്‍ക്ക് കഥയും സംഭാഷണവുമെഴുതിയ സുജാത (എസ്.രംഗരാജന്‍)യുടെ എഴുത്തുകളാണ് തന്നെ എഴുത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.സുജാതയുടെ എഴുത്തുകള്‍ വായിച്ചില്ലായിരുന്നെങ്കില്‍ കമല്‍ ഹാസന്‍ എന്ന തിരക്കഥാകൃത്ത് ഉണ്ടാകില്ലായിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ ഫാന്‍സ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'സുജാത എന്ന നോവലിസ്റ്റുമായി പണ്ടുമുതല്‍ക്കേ പരിചയമുണ്ട്. എന്റെ ജ്യേഷ്ഠന്‍ ചാരുഹാസന്റെ സുഹൃത്താണ് സുജാത. പുള്ളി ഓരോ മാസികക്ക് വേണ്ടി എഴുതുന്ന നോവലുകളുടെ ഫസ്റ്റ് കോപ്പിയും കൊണ്ട് വീട്ടിലേക്ക് വരും. അതൊക്കെ ആദ്യമേ വായിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.അന്ന് വായിച്ച കഥകളാണ് പിന്നീട് എനിക്ക് എഴുതാനുള്ള ഇന്‍സ്പിറേഷനായത്. ഒരു തിരക്കഥ എഴുതണമെന്നുള്ള ആഗ്രഹം എന്റെയുള്ളില്‍ വന്നത് സുജാത കാരണമാണ്. അദ്ദേഹത്തിന്റെ രചനകള്‍ ഇല്ലായിരുന്നെങ്കില്‍ കമല്‍ ഹാസന്‍ എന്ന തിരക്കഥാകൃത്ത് ഉണ്ടാവില്ലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്,' കമല്‍ ഹാസന്‍ പറഞ്ഞു.