ഷിരൂര്‍: പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയുമെല്ലാം മറികടന്നും രക്ഷാപ്രവര്‍ത്തനം തുടരും. ചെളിയാണ് പ്രധാന തടസ്സം. കര്‍ണാടകയില്‍ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിനും സാധ്യതയുണ്ട്. ദൗത്യത്തിന്റെ പുരോഗതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

'ഉഡുപ്പി അക്വാമാന്‍' എന്നറിയപ്പെടുന്ന ഈശ്വര്‍ മല്‍പെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. പുഴയുടെ നടുഭാഗത്ത്, കഴിഞ്ഞ ദിവസം സിഗ്‌നല്‍ കിട്ടിയ നാലാം പോയിന്റില്‍ ചെളിയും പാറയും മാത്രമാണെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ ഐഎഎസ് പറഞ്ഞു.

ചെളി നിറഞ്ഞതിനാല്‍ അടിത്തട്ടിലെ ചിത്രങ്ങളും ലഭിക്കുന്നില്ല. 5 നോട്‌സിനു മുകളില്‍ വേഗത്തിലാണ് ഒഴുക്ക്. പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ കഠിന പ്രയത്‌നത്തിലാണ്. പുഴയിലെ ബോട്ടുകളിലേക്കും പുഴയിലെ മണ്‍തിട്ടയിലേക്കും കരയിലേക്കും വടം വലിച്ചുകെട്ടി തയാറാക്കിയ പ്ലാറ്റ്‌ഫോമിലേക്കു പുഴയില്‍ മുള കുത്തിയുറപ്പിച്ചശേഷം വടം കെട്ടി ആഴത്തിലേക്കിറങ്ങാനാണു ശ്രമം.

പഴയ നിഗമനങ്ങളില്‍നിന്നു വ്യത്യസ്തമായി കരയില്‍നിന്നു 132 മീറ്റര്‍ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന. ലോറി പതിയെ ഒഴുകിനീങ്ങുന്നതായും കരുതുന്നു. 300 മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലോറിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ തെര്‍മല്‍ സ്‌കാനിങ് പരിശോധനയില്‍ കഴിഞ്ഞിട്ടില്ല. ലോറിയുടെ ഡ്രൈവിങ് കാബിനിന്റെ ഗ്ലാസടക്കം തകര്‍ന്നിട്ടുണ്ടെങ്കില്‍ അര്‍ജുന്‍ പുറത്തേക്ക് തെറിക്കാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം പരിശോധനയെ ബാധിക്കുന്നുണ്ട്.

നിരാശനെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ച ശേഷം പ്രതികരിച്ചത്. ഗംഗാവലി പുഴയിലെ തെരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നുവെന്നും മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് പരിശോധനയിയില്‍ കണ്ടെത്തിയതെന്ന് വിശദീകരിച്ച അദ്ദേഹം ഇന്നും തെരച്ചില്‍ തുടരുമെന്ന് ഇന്നെല അറിയിച്ചിരുന്നു.