കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ. വെള്ളിത്തിരയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സൂപ്പര്‍ താരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ചിന്മയി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പണം വാങ്ങി മറ്റുള്ളവര്‍ എഴുതുന്ന ഡയലോഗ് പറയുകയാണല്ലോ താരങ്ങളുടെ പതിവ്. പണം കിട്ടിയാല്‍ സ്ത്രീകള്‍ക്കായി സൂപ്പര്‍ താരങ്ങള്‍ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹസിച്ചു.

വേട്ടക്കാര്‍ക്ക് ഒപ്പമുള്ള കോണ്‍ക്ലേവ് നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഗായിക ആവശ്യപ്പെടുന്നുണ്ട്. മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയായ ഗായികയാണ് ചിന്മയി. തനിക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്ന കവി വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം നല്‍കാതിരുന്നപ്പോള്‍ കേരളത്തോട് ബഹുമാനമാണ് തോന്നിയത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ നിരാശപ്പെടുത്തി എന്നും ചിന്മയി പറയുന്നു. വൈരമുത്തുവുമായി വേദി പങ്കിടുന്ന കമല്‍ഹാസനും സ്റ്റാലിനും അടക്കമുള്ളവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശം അപകടകരമാണെന്നും ചിന്മയി പറഞ്ഞു.