- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോജന് അട്ടിമറി സൃഷ്ടിച്ചപ്പോള്‍ സൗത്ത്ഗേറ്റില്‍ എറികിനും ബോള്‍ട്ടണില്‍ ഫിലിപ്പിനും പരാജയം; എല്ലാ കണ്ണുകളും സോജന് നല്കുന്ന പുതിയ പദവിയിലേക്ക്
ലണ്ടന്‍: അപ്രതീക്ഷിതം അല്ലാത്ത അട്ടിമറി നടത്തി സോജന് ജോസഫ് ഈ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയായി മാറിയിരിക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഒരു പ്രതീക്ഷയും ഇല്ലാത്ത, മണ്ഡലം പിറന്നിട്ടു 139 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ജയിക്കാനായിട്ടില്ലാത്ത, ബ്രിട്ടീഷ് വംശജര്‍ക്ക് കനത്ത ആധിപത്യമുള്ള മണ്ഡലത്തില്‍ സോജന് ജയിച്ചു കയറുക എന്നത് സ്വപ്നതുല്യമായിരുന്നു. പക്ഷെ അത് സാധിച്ചിരിക്കുന്നു എന്ന് മാത്രമല്ല, കണ്‍സര്‍വേറ്റീവ് പക്ഷത്തെ തുടര്‍ച്ചയായി 27 വര്‍ഷമായി ആഷ്ഫോര്‍ഡിന്റെ എംപിയായ ഡാമിയന്‍ ഗ്രീനിനെ ആണ് സോജന് മലര്‍ത്തി അടിച്ചത്. കാബിനറ്റില്‍ അടക്കം കഴിവ് തെളിയിച്ച ഡാമിയന്റെ തോല്‍വി കണ്‍സര്‍വേറ്റീവിന് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഏറ്റവും വലിയ തിരിച്ചടി കൂടിയാണ്.
ഇന്നലെ വരെ നഴ്സ് ആയിരുന്ന സോജന് ഇന്ന് എംപിയായി മാറുമ്പോള്‍ ഉറക്കമൊഴിഞ്ഞ രാവിനാണ് ആഷ്ഫോര്‍ഡ് മലയാളികള്‍ സാക്ഷിയായത്. വിജയം ഉറപ്പാക്കിയ പുലര്‍ച്ചെ അഞ്ചു മണിയോടെ സോജന്റെ സുഹൃത്തുക്കള്‍ ബ്രിട്ടീഷ് മലയാളിയെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും വിളിക്കുമ്പോള്‍ സോജന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തു കടന്നിരുന്നില്ല. കഴിഞ്ഞ തവണ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഡാമിയന്‍ ഗ്രീനിനെ ഇത്തവണ സോജന് തോല്പിച്ചത് 1779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയം ചെയ്ത ശേഷമായുള്ള തിരഞ്ഞെടുപ്പില്‍ ജയിക്കാനായി എന്നതും സോജന്റെ നേട്ടമായി വിലയിരുത്തപ്പെടും. അതേസമയം ലേബറിന് ആഷ്ഫോഡില്‍ ആഘോഷിക്കാന്‍ വമ്പന്‍ വിജയം സമ്മാനിച്ച സോജന് ഇനി പാര്‍ട്ടി നല്കുന്ന പദവി എന്തായിരിക്കും എന്നതാണ് യുകെയിലെ മലയാളി സമൂഹം ഒന്നാകെ ഉറ്റുനോക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിനു സമാനമാണ് ആഷ്ഫോഡില്‍ ലേബറിന് സോജന്റെ വിജയം. ആദ്യമായി വിജയിക്കുന്നു എന്നതിനാല്‍ കാബിനറ്റില്‍ എത്താന്‍ സാധ്യത ഇല്ലെങ്കിലും മികച്ച സബ് കമ്മിറ്റികളില്‍ സോജന് ചാന്‍സ് ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സോജന്റേതു ചരിത്ര വിജയം എന്ന് മാധ്യമങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയതോടെ സോജനെ അവഗണിക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് പ്രയാസമാകും.
മത്സര രംഗത്ത് ഉണ്ടായിരുന്ന മറ്റു രണ്ടു മലയാളികളും പ്രതീക്ഷിച്ച തോല്‍വി തന്നെ ഏറ്റുവാങ്ങിയിരിക്കുകയാണ്. സൗത്ത് ഗേറ്റ് സീറ്റില്‍ എറിക് സുകുമാരന്‍ വെറും 8000 വോട്ടു മാത്രമാണ് കണ്‍സര്‍വേറ്റീവ് ടിക്കറ്റില്‍ നേടിയത്. ജനനവും ബാല്യവും എല്ലാം യുകെയില്‍ തന്നെ ആയതിനാല്‍ മലയാളി സമൂഹത്തിന്റെ വിജയമോ തോല്‍വിയോ ആയി എറിക് സുകുമാരന്റെ പ്രകടനത്തെ വിലയിരുത്താനാകില്ല. ലേബര്‍ കഴിഞ്ഞ തവണയും വിജയിച്ച സീറ്റില്‍ ഇത്തവണ വമ്പന്‍ ഭൂരിപക്ഷമാണ് ഉറപ്പിച്ചത്. ബോള്‍ട്ടണിലെ ഗ്രീന്‍ പാര്‍ട്ടിക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയ മലയാളിയായ ഫിലിപ്പ് കൊച്ചൂട്ടിയും പരാജയത്തിന്റെ ചൂടറിഞ്ഞു.
മലയാളി സംഘടനാ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അധ്യാപകന് കൂടിയായ ഫിലിപ്പ് കൊച്ചൂട്ടി അടുത്തിടെയായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിറയുക ആയിരുന്നു. അതിനാല്‍ ഗ്രീന്‍ പാര്‍ട്ടിയില്‍ ആയിട്ട് പോലും 2800 വോട്ടു നേടി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി.