തൃക്കരിപ്പൂര്‍: നേത്രാവതി എക്‌സ്പ്രസ് കടന്നു പോയപ്പോള്‍ റെയില്‍ പാളത്തില്‍ കരിങ്കല്ല് നിരത്തി വെച്ചത് കുട്ടികള്‍ എന്ന് കണ്ടെത്തി. യൂട്യൂബ് വീഡിയോ അനുകരിച്ചതാണ് കുട്ടിക്കളി കാര്യമായത്. അതിഥിത്തൊഴിലാളികളുടെ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികളാണ് കല്ലു നിരത്തിയത്. കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്.), ചന്തേര പോലീസ്, കാസര്‍കോട് റെയില്‍വേ പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് കല്ലുവെച്ചത് കുട്ടികളാണെന്ന് കണ്ടെത്തിയത്.

ബീരിച്ചേരി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പ്പാളത്തിലാണ് കരിങ്കല്ല് നിരത്തിയത്. യൂട്യൂബ് തിരച്ചിലുകളില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കുട്ടികള്‍ കണ്ടതിനും തെളിവ് ലഭിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ചൊവ്വാഴ്ച കുട്ടികളെ കണ്ണൂര്‍ ആര്‍.പി.എഫ്. ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ജെ.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കാസര്‍കോട് റെയില്‍വേ പോലീസും ചന്തേര പോലീസും പരിശോധന നടത്തി. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ബീരിച്ചേരി ഗേറ്റിന് 100 മീറ്റര്‍ അകലെ പാളത്തിലാണ് കല്ലുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 7.55-ന് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് സംഭവം. എന്‍ജിന്‍ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂരില്‍നിന്ന് എത്തിയ ജീവനക്കാരാണ് പാളത്തില്‍ കല്ലുകള്‍ പൊടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.