തൃശ്ശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥി മരിച്ചു. തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ ഗിരിജാ തിയേറ്ററിന് സമീപം റോസ് ഗാര്‍ഡന്‍ ശ്രീവത്സത്തില്‍ മാധവ് എസ്. പൊതുവാളാ (18)ണ് മരിച്ചത്. ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫീസറായ സുനില്‍ പൊതുവാളിന്റെയും പൂര്‍ണിമയുടേയും മകനാണ്. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച വൈകീട്ട് ചെമ്പുക്കാവ് പെന്‍ഷന്‍മൂലയിലെ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ മാധവ് കുഴഞ്ഞുവീഴുകയായിരുന്നു. കളിക്കിടെ പന്ത് നെഞ്ചില്‍ തട്ടിയിരുന്നു. സഹകളിക്കാര്‍ ചേര്‍ന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. സഹോദരന്‍: മാനവ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, ഭാരതീയ വിദ്യാഭവന്‍, പോട്ടോര്‍).