തൃശൂര്‍: നിക്ഷേപം ഇരട്ടിയായി തിരിച്ച് നല്‍കും, ഉയര്‍ന്ന പലിശ തുടങ്ങി സ്ഥിരം തട്ടിപ്പുകാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തന്നെയാണ് സുന്ദര്‍ മേനോനും നല്‍കിയത്. പത്മശ്രീയെന്ന പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനങ്ങളിലേക്ക് പണം ഒഴുകിയെത്തിയതിന് പിന്നില്‍ സുന്ദര്‍ മേനോന്‍ പലവിധ സ്വാധീനം ഉപയോഗിച്ച് നേടിയ ഈ പദവികള്‍ തന്നെയാണ്. നിലവില്‍ 18 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി നല്‍കാന്‍ കഴിയാതെ കോടികള്‍ നഷ്ടപ്പെട്ടവര്‍ വേറെയും ഉണ്ടെന്നാണ് വിവരം. തൃശൂരിലും പുറത്തുമായി ഇരുപതിലധികം ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും ചതിക്കപ്പെട്ടു.

സുന്ദര്‍മേനോന്‍ വിശ്വാസ്യത നേടാനായി നടത്തിയത് ആസൂത്രിത നീക്കങ്ങള്‍ എന്ന് ഇപ്പോള്‍ തെളിയുകയാണ്. വിദേശ വ്യവസായി എന്ന പേരില്‍ പത്മശ്രീയും, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിലൂടെ തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രധാന സ്ഥാനവും നേടി. അഞ്ചു വര്‍ഷത്തെ കാലാവധി പറഞ്ഞാണ് പാവങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. കാലാവധി കഴിഞ്ഞ് പണം ലഭിക്കാതെ വന്നതോടെ പരാതികള്‍ എത്തി. ആദ്യം പരാതി പറഞ്ഞവര്‍ക്ക് വണ്ടി ചെക്ക് നല്‍കി പറ്റിച്ചു. പരാതി വ്യാപകമായതോടെ സ്ഥാപനത്തിലെ സ്ഥാനങ്ങള്‍ രാജിവച്ച് തലയൂരാന്‍ ശ്രമിച്ചു.

തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് 30 കോടിയുടെ നിക്ഷേപതട്ടിപ്പ് നടന്നത്. എല്ലാ സഹായവുമായി കോണ്‍ഗ്രസിന്റെ തൃശൂരിലെ പ്രധാന നേതാവ് സിഎസ് ശ്രീനിവാസനും ഉണ്ടായിരുന്നു. പത്മശ്രീ സംഘടിപ്പിച്ചതും ഈ രാഷ്ട്രീയ കരുത്തിലായിരുന്നു. തന്ത്രപരമായിട്ടായിരുന്നു നീക്കങ്ങള്‍. തൃശൂര്‍ ശോഭ സിറ്റിയിലെ ആഡംബര ഫ്ളാറ്റിലായിരുന്നു സുന്ദര്‍ മേനോന്റെ ജീവിതം. ഇതെല്ലാം പാവങ്ങളില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഹുങ്കിലായിരുന്നു. ഇതാണ് കേരളാ പോലീസ് പൊളിച്ചത്.

ജമ്മു ആസ്ഥാനമായാണ് സുന്ദര്‍ മേനോന്‍ ഹീവാന്‍ എന്ന തട്ടിപ്പ് കമ്പനി തുടങ്ങിയത്. എന്നാല്‍ ജമ്മുവില്‍ ഇങ്ങനെ ഒരു ഓഫീസേയില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രേഖകളില്‍ മാത്രം കമ്പനി ആരംഭിച്ച് കേരളത്തില്‍ വിവിധ ശാഖകള്‍ തുടങ്ങുകയാണ് ചെയ്തത്. പ്രമുഖരുമൊത്തുള്ള ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലിട്ടും, നാടുനീളെ ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ വച്ചും പ്രാഞ്ചിയേട്ടന്‍ മോഡലില്‍ നന്മ മരമാകാന്‍ ശ്രമിച്ചു.

സുന്ദര്‍ മേനോന്‍ 1986 മുതല്‍ വിവിധ വിദേശ കമ്പനികളില്‍ ജോലി ചെയ്തു. ഖത്തറില്‍ നിന്നായിരുന്നു തുടക്കം. 1990ല്‍ ദോഹയിലെ ഒരു ബ്രിട്ടീഷ് ഓയില്‍ ഫീല്‍ഡ് സര്‍വീസ് കമ്പനിയില്‍ ബിസിനസ് എക്സിക്യൂട്ടീവായി. 1999ലാണ് ബിസിനസ് ആരംഭിച്ചത്. സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നായിരുന്നു പേര്. പെട്രോകെമിക്കല്‍സ്, പ്രകൃതിവിഭവങ്ങള്‍, ഗതാഗതം, റിയല്‍ എസ്റ്റേറ്റ് എന്നിവയായിരുന്നു സണ്‍ ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. യുഎഇ, ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

പത്മശ്രീ ലഭിച്ചതിനു പിന്നാലെയാണ് നിക്ഷേപ തട്ടിപ്പിന് സുന്ദര്‍ മേനോന്‍ സ്ഥാപനങ്ങള്‍ തുടങ്ങിയത്. 2016 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കൂടിയായതോടെ തട്ടിപ്പ് പുതിയ തലത്തിലെത്തി. സ്വത്ത് കണ്ടുകെട്ടാന്‍ ബഡ്സ് ആക്ട് (2019) പ്രകാരം കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ ഈ പത്മശ്രീ ജേതാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

തൃശൂര്‍ ചക്കാമുക്ക് ഹിവാന്‍ നിധി ലിമിറ്റഡ് ഹീവാന്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ പൊതുജനങ്ങളെ എന്ന തെറ്റിദ്ധരിപ്പിച്ചും റിസര്‍വ് ബാങ്കിന്റെ നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതിന് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളാണ് ഉണ്ടായിരുന്നത്. 62ാളം പരാതിക്കാരില്‍ നിന്നുമാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകള്‍ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. ഈ കേസുകളിലെ മറ്റൊരു പ്രധാന ഡയറക്ടറായ പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ വീട്ടില്‍ ബിജു മണികണ്ഠനും അറസ്റ്റിലാണ്. പരാതികളും പ്രതിഷേധവും ഉയര്‍ന്നതോടെ സുന്ദര്‍ മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തിലെ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. ഇതിന്റെ പേരില്‍ കേസിനെ പ്രതിരോധിക്കാനും ശ്രമം നടത്തിയിരുന്നു. സ്ഥിരനിക്ഷേപത്തിന് കാലാവധി കഴിഞ്ഞാല്‍ ഇരട്ടിത്തുക നല്‍കാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു.

പണം തിരിച്ചുനല്‍കാത്തതിനാല്‍ നിക്ഷേപകര്‍ സ്ഥാപനത്തിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു.ജില്ലയിലും പുറത്തുമായി 22ലേറെ ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും 33 കോടിയിലേറെ നിക്ഷേപവുമുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു. കൂടുതല്‍ നിക്ഷേപകരും വൃദ്ധരാണ്. ചികിത്സ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം തിരിച്ചുകിട്ടാന്‍ ഇവര്‍ സ്ഥിരമായി സ്ഥാപനത്തില്‍ എത്തുമായിരുന്നു. 2016ലാണ് സുന്ദര്‍മേനോന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.

നിരവധി കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തിന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി പത്മനാഭന്‍ കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കിയിരുന്നു. തൃശൂരിലുള്ള പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ സുന്ദര്‍ മേനോന്‍ വിചാരണ നേരിടുകയാണ്.