ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലിന് തൊട്ടുമുന്നെ ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുന്നതാണ് താങ്കളുടെ രീതിയെന്നും അതുകൊണ്ട് തന്നെ ശക്തമായി തിരിച്ചു വരുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഞങ്ങള്‍ എല്ലാവരും താങ്കള്‍ക്കൊപ്പമുണ്ടെന്നും മോദി ആശ്വസിപ്പിച്ചു.സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

"വിനേഷ്, താങ്കള്‍ ചാംപ്യന്‍മാരുടെ ചാംപ്യനാണ്. താങ്കള്‍ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു.ഈ നിമിഷം ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം.വെല്ലുവിളികളെ തലയുയര്‍ത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്." മോദി കുറിച്ചു.

പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ സ്ഥിതിഗതികള്‍ വിലയിരുത്തി. വിനേഷിന്റെ വിഷയത്തെ പരിഹരിക്കുന്നതിന് ആവശ്യമായ മുഴുവന്‍ സാധ്യതകളും പരിശോധിക്കാന്‍ ചെയ്യാന്‍ അദ്ദേഹംആവശ്യപ്പെട്ടു, വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

അനീക്കെതിരെ പോരാടിയ ഗുസ്തി താരങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശം, സമരത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയില്‍ അയോഗ്യയാക്കപ്പെട്ടതും പുറത്തായതും.ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷ നിലനില്‍ക്കെയാണ്, ആശ്വാസവാക്കുകളുമായി അദ്ദേഹം രംഗത്തെത്തിയത്.

കലാശപ്പോരിനു മുന്നോടിയായി ഇന്നു രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.ഭാരം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫുകള്‍ പരമാവധി ശ്രമിച്ചിരുന്നന്നും എന്നാല്‍ ഫലം കണ്ടില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് അതേ ഇനത്തില്‍ മറ്റൊരു താരത്തിന് യോഗ്യത ലഭിച്ചതുകൊണ്ടാണ് ഇത്തവണ 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയത്.