അടിമാലി: മുതിരപ്പുഴയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെത്തി രക്ഷപ്പെടുത്തി. മുംബൈ, തിരുവനന്തപുരം സ്വദേശികളായ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഈസമയം കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നു. ഇതോടെ ഇരുവരും പുഴയ്ക്ക് നടുവിലെ പാറയില്‍ കയറിനിന്നു.

വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ കല്ലാര്‍കൂട്ടിക്കും-പനങ്കുട്ടിക്കും ഇടയിലുള്ള പൊളിഞ്ഞപാലത്തായിരുന്നു സംഭവം. രാവിലെ മുതല്‍ മേഖലയില്‍ മഴയുണ്ടായിരുന്നു. നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. ഈ വിവരം അറിയാതെയാണ് യുവാക്കള്‍ പുഴയില്‍ ഇറങ്ങിയത്.

അണക്കെട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ താഴെയാണ് ഇരുവരും ഇറങ്ങിയത്. ഒന്‍പത് മണിയോടെയാണ് ഇവര്‍ കുളിക്കുന്ന സ്ഥലത്തേക്ക് വലിയ അളവില്‍ വെള്ളം എത്തിയത്. വെള്ളം ഉയര്‍ന്നതോടെ ഭയന്നു പോയ ഇരുവരും ബഹളം വെച്ചു. ശബ്ദം കേട്ട് ഓടി എത്തിയ പ്രദേശവാസിയായ ജോണ്‍ ആന്റണി കല്ലാര്‍കുട്ടി ടൗണിലെ ഓട്ടോറിക്ഷഡ്രൈവര്‍ പുഷ്പനെ വിവരമറിയിച്ചു. പുഷ്പന്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെത്തി വിവരം അറിയിച്ചു. അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍ അടച്ചു.

പുഷ്പന്‍ സുഹൃത്തുക്കളായ ബിനു, സബീര്‍ എന്നിവരെ കൂട്ടി വീണ്ടും പൊളിഞ്ഞപാലത്ത് എത്തി. ഷട്ടര്‍ അടച്ചെങ്കിലും പുഴയില്‍ വെള്ളം ഉയര്‍ന്നുതന്നെ ആയിരുന്നു. ഇതോടെ ഓട്ടോഡ്രൈവര്‍മാര്‍ സമീപത്തുനിന്ന് ഇരുമ്പ് ഗോവണി കൊണ്ടുവന്ന് പാറയും കരയുമായി ബന്ധിപ്പിച്ചു. ഗോവണി ഒഴുകിപ്പോകാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിയാണ് ഇറക്കിയത്. സഞ്ചാരികളെ ഗോവണിയിലൂടെ കരയില്‍ എത്തിച്ചു. ഒരു മണിക്കൂര്‍കൊണ്ടാണ് സഞ്ചാരികളെ രക്ഷിച്ചത്.

പനംകൂട്ടിക്ക് സമീപമുള്ള ഹോംസ്റ്റേയില്‍ കഴിഞ്ഞദിവസം താമസത്തിന് എത്തിയതാണ് സഞ്ചാരികള്‍. ഇവിടെ നിരവധി മുങ്ങിമരണം സംഭവിച്ചിട്ടുണ്ട്.