അടൂര്‍: കുട്ടികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക് പോലിസ്. പത്തനംതിട്ട-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'യൂണിയന്‍' എന്ന സ്വകാര്യബസിലെ ജീവനക്കാര്‍ക്കായിരുന്നു അടൂര്‍ ട്രാഫിക് പോലിസിന്റെ വക നല്ല പാഠം.

'കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,' -ഇങ്ങനെ നൂറുതവണയാണ് ഇവര്‍ ഇംപോസിഷന്‍ എഴുതിയത്. രണ്ടുമണിക്കൂര്‍കൊണ്ടാണ് എഴുതി പൂര്‍ത്തിയാക്കിയത്. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ്.ഐ. ജി.സുരേഷ് കുമാര്‍ ഇവരെ വിട്ടയച്ചത്.

അടൂര്‍ പാര്‍ഥസാരഥി ജങ്ഷനില്‍ നിര്‍ത്തിയപ്പോള്‍ ബസില്‍കയറാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോട്, മുന്‍പില്‍ മറ്റൊരു ബസുണ്ടെന്നും അതില്‍കയറിയാല്‍ മതിയെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ ബസില്‍ കയറാന്‍തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ കയര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രാഫിക് പോലീസ് ബസ് കണ്ടെത്തി, പാഠം പഠിപ്പിക്കുകയായിരുന്നു.