കുമളി: നെല്ലിമലയില്‍ സ്വകാര്യ തേയിലത്തോട്ടത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പിടികൂടി. വണ്ടിപ്പെരിയാര്‍ പശുമല പുതുക്കാട് തവാരണ ഭാഗത്തെ മണികണ്ഠന്‍ (32), ജയാഭവനില്‍ ജോമോന്‍ (37) എന്നിവരെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്. 23 ചന്ദനമരങ്ങളാണ് ഇവര്‍ മുറിച്ച് കടത്തിയത്. ഇവര്‍ കാട്ടില്‍ ഒളിപ്പിച്ചിരുന്ന 8 കിലോഗ്രാം ചന്ദനവും കണ്ടെടുത്തു.

മൂന്നു മാസം മുന്‍പു വെട്ടിയ ചന്ദനം വില്‍ക്കാന്‍ അനുകൂലമായ സാഹചര്യം ലഭിക്കാതെ വന്നതോടെ കാടിനുള്ളില്‍ ഒളിപ്പിച്ചു. ഇതാണ് ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് തവണയായി ഇവിടെ നിന്നു വെട്ടിയെടുത്ത 16 കിലോഗ്രാം ചന്ദനം വിറ്റതായി പ്രതികള്‍ മൊഴി നല്‍കി. ചന്ദനമരം മോഷണം പോകുന്നതു സംബന്ധിച്ച് എസ്റ്റേറ്റ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം ശ്രദ്ധിയില്‍പെട്ടതോടെ വനപാലകരും നിരീക്ഷണം ശക്തമാക്കി.

ഇടുക്കി ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എസ്.സന്ദീപിനു ലഭിച്ച പരാതിയെത്തുടര്‍ന്നു റേഞ്ച് ഓഫിസര്‍ പ്രിയ ടി.ജോസ്, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ സജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 23 ചന്ദനമരങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.അനില്‍കുമാര്‍, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോജി എം.ജോണ്‍, പി.കെ.റെജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. ഒളിപ്പിച്ച ചന്ദനം കണ്ടെടുക്കാന്‍ തേക്കടിയിലെ വനം വകുപ്പു ഡോഗ് സ്‌ക്വാഡിന്റെ സേവനവും ഉപയോഗിച്ചു.