- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ഉത്തേജനത്തിനായി പണിയുന്നത് പതിനഞ്ച് ലക്ഷത്തോളം ഭവനങ്ങള്‍; പ്ലാനിംഗ് നിയന്ത്രണങ്ങള്‍; പദ്ധതികള്‍ പ്രഖ്യാപിച്ചു ബ്രിട്ടനിലെ പുതിയ സര്‍ക്കാര്‍
ലണ്ടന്‍: ബ്രിട്ടീഷ് സാമ്പത്തിക ഘടനയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി ഭവന നിര്‍മ്മാണ പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. മാത്രമല്ല, ആസൂത്രണ രംഗത്തെ പല നിയന്ത്രണങ്ങളും എടുത്തു കളയുമെന്നും, ഇംഗ്ലണ്ടിലെ കടല്‍ത്തീരങ്ങളില്‍ കാറ്റാടിപ്പാടങ്ങള്‍ക്ക് ഉണ്ടായിരുന്ന നിരോധനം എടുത്തു കളയുമെന്നും അവര്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ ആദ്യ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറവ്വ് വര്‍ഷങ്ങളായി മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന് പുറകിലേക്ക് പോയി എന്നും, സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ കഠിനവും കര്‍ശനവുമായി നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.ഈ പാര്‍ലമെന്റിന്റെ ഭരണകാലയളവില്‍ ഇംഗ്ലണ്ടില്‍ 15 ലക്ഷത്തോളം പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ അവര്‍ പക്ഷെ തോന്നിയതുപോലെ ഭവന നിര്‍മ്മാണം നടത്തുന്നതിന് പച്ചക്കൊടി കാണിക്കില്ല എന്നും പറഞ്ഞു.
നമുക്ക് വളരണമോ എന്നതല്ല ചോദ്യം, തിരിച്ചു വരവ് എത്രമാത്രം ശക്തമായിരിക്കും എന്നതാണ് എന്ന് പറഞ്ഞ റേച്ചല്‍ റീവ്സ് അതിനായി ചില കഠിന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക കാര്യ വിദഗ്ധയായിരുന്ന റേച്ചല്‍ റീവ്സിനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചാന്‍സലര്‍ ആയി നിയമിച്ചത്. ഏതാനും വര്‍ഷങ്ങളായി ബ്രിട്ടനില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്ന വലിയൊരു വിഭാഗം ബിസിനസ്സ് സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
അത്തരക്കാര്‍ക്ക് വീണ്ടും ബ്രിട്ടനില്‍ നിക്ഷേപം നടത്താന്‍ പ്രചോദനമാകും ഇപ്പോള്‍ റേച്ചല്‍ റീവ്സ് പുറത്തുവിട്ട പദ്ധതികള്‍ എന്നാണ് കരുതപ്പെടുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടന് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ലഭിക്കുന്നത് എന്ന് പറഞ്ഞ അവര്‍, വ്യാപാര- വ്യവസായ മേഖലകളെ സൗഹാര്ദ്ദത്തിലെടുക്കുന്ന ഒരു സര്‍ക്കാര്‍ ആയിരിക്കും ഇതെന്നും പറഞ്ഞു. ഹരിത നയത്തിലും മാറ്റം വരുത്തും.
അതേസമയം, മുന്‍ ഭരണകൂടങ്ങളില്‍ നിന്നും തങ്ങളിലേക്ക് വന്ന വെല്ലുവിളികള്‍ കൃത്യമായി മനസ്സിലാക്കുവാന്‍ താന്‍ പബ്ലിക് ഫിനാന്‍സ് വിശദമായി വിശകലനം ചെയ്യാന്‍ ആരംഭിച്ചതായും അവര്‍ അറിയിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് വേനല്‍ക്കാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്നും അവര്‍ അറിയിച്ചു. അതേസമയം, ദേശീയ തലത്തിലുള്ള ഭവന നിര്‍മ്മാണ പദ്ധതിയെ തങ്ങള്‍ അനുകൂലിക്കില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവും ഓക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ അംഗവുമായ ലിസ് ലെഫ്മാന് പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും ആവശ്യങ്ങളും അറിയാവുന്നത് അതാത് പ്രാദേശിക കൗണ്സിലുകള്ക്കാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.