എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി വേര്‍പിരിയാന്‍ ഒരുങ്ങി നടി ഊര്‍മിള മാതോന്ദ്കര്‍. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് നടി. മുംബൈയിലെ ബാന്ദ്രയിലെ കോടതിയില്‍ ഊര്‍മിള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മ്യൂച്ചല്‍ ഡിവോഴ്‌സല്ലെന്നും നാല് മാസം മുമ്പാണ് അപേക്ഷ ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വേര്‍പിരിയലുമായി ബന്ധപ്പെട്ട് ഇതുവരെ ഊര്‍മിളയോ അക്തറോ പ്രതികരിച്ചിട്ടില്ല.

2016 ലാണ് ഊര്‍മിള വിവാഹിതയായത്. ഊര്‍മിളയേക്കാള്‍ 10 വയസ് പ്രായം കുറവാണ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിന്‍ അക്തര്‍ മിററിന്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. ഇരുവരുടെയും സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് മല്‍ഹോത്ര വഴിയാണ് ഊര്‍മിളയും മൊഹ്സിനും കണ്ടുമുട്ടിയത്.

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഉര്‍മിള മാതോന്ദ്കര്‍. രംഗീല, ധൗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളില്‍ ബോളിവുഡിലെ 'സെക്‌സ് സിമ്പലായി' മാറിയ താരം കൂടിയാണ് അവര്‍. രാഷ്ട്രീയക്കാരിയായും ഊര്‍മിള തിളങ്ങി. ദില്ലഗി, ഖൂബ്സുരത്, ഓം ജയ് ജഗദീഷ്, ജുദായ് തുടങ്ങിയവയാണ് ഊര്‍മിളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.