റാന്നി: ബില്ല് മാറാന്‍ കരാറുകാരനില്‍നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. വിജിയെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വെച്ചൂച്ചിറ പുലിക്കുന്നേല്‍ റഫന്‍ പി.റെജി നല്‍കിയ പരാതിയിലാണിത്.

വെച്ചൂച്ചിറ പഞ്ചായത്തില്‍ രണ്ടാംവാര്‍ഡില്‍ കുളം നിര്‍മിച്ചതിന്റെ ബില്ല് മാറാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. 2023-24 വര്‍ഷത്തിലാണ് കുളം നിര്‍മാണത്തിനുള്ള ജോലി റഫന്‍ ഏറ്റെടുത്തത്. 24 ലക്ഷം രൂപയുടെ പ്രവൃത്തി 18 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തതെന്ന് റഫന്‍ പറഞ്ഞു. കുളം നിര്‍മിക്കുന്നതില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പലവട്ടം തടസ്സം ഉന്നയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ വിജി അവധി എടുത്തസമയം നാറാണംമൂഴി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കായിരുന്നു വെച്ചൂച്ചിറ പഞ്ചായത്തിന്റെ ചുമതല. അന്നാണ് കുളം നിര്‍മിച്ചത്. മാര്‍ച്ച് 28-ന് കുളം നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ചില്‍ പാര്‍ട്ട് ബില്ലും മാറി. എന്നാല്‍ അവധികഴിഞ്ഞ് തിരിച്ചെത്തിയ വിജി ശേഷിക്കുന്ന ബില്ല് മാറാന്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടതായി കരാറുകാരന്‍ പറയുന്നു.

വിലപേശലിനൊടുവില്‍ 50,000 രൂപ നല്‍കണമെന്നായി. പണം ഗൂഗിള്‍ പേ ആയി ആവശ്യപ്പെട്ടെങ്കിലും നാലുദിവസം മുമ്പ് റഫന്‍ നേരിട്ട് 13,000 രൂപ കൊടുത്തു. ഇതിന്റെ വീഡിയോ സഹിതം വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച ഉച്ചയോടെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ റഫന്‍ എത്തി. 37,000 രൂപ വിജിക്ക് കൈമാറുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. അറസ്റ്റിലായ വിജിയെ തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജെ. രാജീവ്, കെ.അനില്‍കുമാര്‍, യു.പി. വിപിന്‍ കുമാര്‍, എസ്.ഐ. ഷാജി, എ.എസ്.ഐമാരായ ബിജു, പുഷ്പകുമാര്‍, ഹരിലാല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.