- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ എന്തിന് എത്തി എന്നതിലും അന്വേഷണം; ആകാശിനെ പൂട്ടാന്‍ പൊലിസ് വീണ്ടും; വാഹനം അടിമുടി വ്യാജം; സ്വര്‍ണം പൊട്ടിക്കല്‍ മാഫിയയെ തകര്‍ക്കും
കണ്ണൂര്‍: ആകാശ് തല്ലങ്കേരിയെ പൂട്ടാന്‍ വീണ്ടും പൊലിസ് നീക്കങ്ങള്‍ തുടങ്ങി. ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആകാശ് തില്ലങ്കേരിക്കെതിരെ മുഴക്കുന്ന് പൊലിസും രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചത്. വയനാട് ജില്ലയിലെ ആകാശ് തില്ലങ്കേരിയുടെ സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ആകാശും കൂട്ടാളികളും വയനാട്ടിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
വിനോദയാത്രയ്ക്കാണ് ആകാശ് വയനാട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യമാണ് അന്വേഷിച്ചുവരുന്നത്. പനമരം പൊലിസില്‍ നിന്നാണ് മുഴക്കുന്ന് പൊലിസ് ഈക്കാര്യത്തില്‍ പ്രാഥമിക നിഗമനങ്ങള്‍ തേടുന്നത്. കൊടുവളളിയിലെ സ്വര്‍ണക്കടത്ത് സംഘവുമായി ആകാശ് തില്ലങ്കേരിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആകാശിന്റെയും കൂട്ടാളികളുടെയും സാന്നിധ്യം സ്വര്ണപൊട്ടിക്കലുമായി ബന്ധമുളളതാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചുവരുന്നത്.
എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി കൂടിയായ ആകാശ് തില്ലങ്കേരി ഓടിച്ച തുറന്ന ജീപ്പില്‍ ഒട്ടേറെ ക്രമക്കേടുകളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പും കണ്ടെത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആകാശ് സഞ്ചരിച്ച തുറന്ന ജീപ്പ് പൂര്‍ണമായും റീ അസംബിള്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വണ്ടിയുടെ രജിസ്ട്രേഷന് സ്ഥിരമായി റദ്ദാക്കാന്‍ മലപ്പുറം ആര്‍ടിഒയ്ക്ക് വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തു.
ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ടയറുകള്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തിരുന്നു.
ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. രൂപമാറ്റം വരുത്തിയത് നേരെയാക്കി ആയിരുന്നു വാഹനം ഷൈജല്‍ പനമരം സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നത്.
അതേസമയം, ചട്ട വിരുദ്ധമായി വാഹനങ്ങളില്‍ രൂപവ്യത്യാസം വരുത്തുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി സ്വമേഥായ എടുത്ത കേസ് ശനിയാഴ്ച്ച വീണ്ടും പരിഗണിക്കും. വയനാട്ടില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പ് പൊതു നിരത്തില്‍ ഓടിച്ച ക്രിമിനല്‍ കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്വീകരിച്ച നടപടികള്‍ ചിത്രങ്ങള്‍ സഹിതം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എ എസ് , ഐപി എസ് ഉദ്യോഗസ്ഥരടക്കമുളളവര്‍ ചട്ടങ്ങള്‍ ലംഘിച്ച് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതും തടയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ആകാശ് എന്തിനാണ് വയനാട്ടില്‍ പോയതെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ മാഫിയ ബന്ധമുളള ആകാശ് തില്ലങ്കേരി കാപ്പകേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനു ശേഷം ഹൈക്കോടതിയില്‍ ജാമ്യം നേടിയ ഇയാളെ പൊലിസ്് നിരീക്ഷിച്ചുവരുന്നതിനിടെയാണ് പുതിയ വിവാദങ്ങളുണ്ടാകുന്നത്.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നല്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിന്റെ മട്ടന്നൂരിലെ വീടിനും പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടില്‍ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫര്‍സീനെതിരെ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. അജിത്ത് കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.വയനാട് ആര്.ടി.ഒയ്ക്കാണ് പനമരത്ത് നമ്പര്‍ പ്ളേറ്റില്ലാത്ത ജീപ്പില്‍ യാത്ര നടത്തിയത് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചതിന് ഫര്സീന് ആകാശിനെതിരെ പരാതി നല്‍കിയത്.