- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഓര്‍മ്മകളിലേക്ക് ഇനി മടങ്ങില്ല; അയല്‍ക്കാരും ബന്ധുക്കളും ഉള്‍പ്പെടെ 24 പേരുടെ മൃതദേഹങ്ങള്‍ കണ്ടു: റമീന രക്ഷപ്പെട്ടത് കൈക്കുഞ്ഞുമായി
മേപ്പാടി: കുത്തിയൊഴുകിയെത്തിയ മലവെള്ളത്തില്‍നിന്ന് അദ്ഭുതകരമായാണു കൈക്കുഞ്ഞുമായി റമീനയും കുടുംബവും രക്ഷപ്പെട്ടത്. മലവെള്ളം വീടിന്റെ ഭിത്തി തകര്‍ത്ത് അകത്തേക്ക് അടിച്ചു കയറിയപ്പോള്‍ വീടിന്റെ ടെറസില്‍ കയറി നിന്നു. അവിടെ നിന്നും നീന്തി അയല്വീട്ടിലുമെത്തിയാണ് ഈ കുടുംബം രക്ഷപ്പെട്ടത്. മൂന്നു മാസമാണ് റമീനയുടെ ഇളയ കുഞ്ഞിന്റെ പ്രായം.
റമീനയും ഭര്‍ത്താവും മുണ്ടക്കൈ പാടിയിലാണ് താമസിക്കുന്നത്. പ്രസവത്തിനായാണ് ചൂരല്‍മലയിലെ വീട്ടിലെത്തിയത്. ഇളയ കുഞ്ഞിന് മൂന്ന് മാസം പ്രായവുമായി. കഴിഞ്ഞ വര്‍ഷം ലൈഫ് പദ്ധതിയില്‍ ഉപ്പ ആനമാറി ഇസ്മായില്‍ പൂര്‍ത്തിയാക്കിയ കൊച്ചുവീടാണ് പ്രളയം എടുത്തത്. ഉമ്മ ഹൈറുന്നീസയും റമീനയുടെ ഭര്‍ത്താവ് ഷംസീറും മകന് ഷിറാസും സംഭവസമയം വീട്ടിലുണ്ടായിരുന്നു.
പാതിരാത്രി വലിയ ശബ്ദം കേട്ട് ഉപ്പയാണ് ആദ്യം ഉണര്‍ന്നത്. എന്തെന്നറിയാന്‍ അടുക്കള ഭാഗത്ത് പോയി നോക്കിയപ്പോള്‍ ഒരുവശം ഇടിഞ്ഞ് വെള്ളം അകത്തേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ തന്നെ എല്ലാവരെയും വിളിച്ചുണര്‍ത്തി ടെറസിലേക്ക് കയറ്റി. അല്പസമയം കഴിയും മുന്‍പേ മൂണ്ടക്കൈയില് നിന്ന് മൂത്തമകളുടെ വിളിയെത്തി. വലിയ ഉരുള്‍പൊട്ടലാണ്.. സൂക്ഷിക്കണേ.. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രദേശമാകെ ചെളിവന്നു നിറഞ്ഞു.
ഇനി വീട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്നു മനസ്സിലായതോടെ ഉപ്പയും ഭര്‍ത്താവും ചേര്‍ന്ന് പിടിച്ചിറക്കി.. ചെളിയും കല്ലും മരങ്ങളും ഒഴുകിയെത്തി ഒന്നും മനസ്സിലാകാത്ത സ്ഥിതി.. ചുറ്റും ഇരുട്ട്.. ഇടയ്ക്കിടെ കുത്തൊഴുക്ക്.. എങ്ങനെയൊക്കെയോ സമീപത്തെ വീട്ടിലെത്തി.. ഭാഗ്യത്തിന് ആ വീട് ഉരുള്‍ ബാക്കിവച്ചു. സൈന്യമെത്തിയാണ് അവിടെ നിന്നും രക്ഷപ്പെടുത്തിയത്.
'ആ വരവില്‍ കണ്ട കാഴ്ചകള്‍ കണ്ണില്‍ നിന്നു മായുന്നില്ല. അയല്‍ക്കാരും ബന്ധുക്കളും ഉള്‍പ്പെടെ 24 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ മാറ്റുന്നത് ഞങ്ങള്‍ കണ്ടു. ഇനി ആ നാട് ഞങ്ങള്‍ക്കു വേണ്ട.. ആ ഓര്‍മകളിലേക്ക് ഇനി മടങ്ങില്ല.. ദുരിതാശ്വാസ ക്യാംപില്‍ നിന്നിറങ്ങിയാല്‍ എങ്ങോട്ടുപോകുമെന്ന് അറിയില്ല.. വേറെ എവിടെയെങ്കിലും കൊച്ചുകൂര പണിയാന്‍ ആരെങ്കിലും താങ്ങാവുമായിരിക്കും' നിറകണ്ണുകളോടെ റമീന പറഞ്ഞുനിര്‍ത്തി.