തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത് 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീട്. ഭാവിയില്‍ രണ്ടാമത്തെ നിലകൂടി നിര്‍മിക്കാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താത്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

അതേസമയം വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.