മൂന്നാര്‍: മൂന്നാറില്‍ കാട്ടാനകള്‍ വീണ്ടും കൊമ്പുകോര്‍ത്തു. കാട്ടാനകളായ പടയപ്പയും ഒറ്റക്കൊമ്പനുമാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. പടയപ്പയ്ക്ക് പരിക്കേറ്റു. നയമക്കാട് അഞ്ചാംമൈലിന് സമീപം ചൊവ്വാഴ്ച രാവിലെ ഒന്‍പതിനാണ് ആനകള്‍ ഏറ്റുമുട്ടിയത്. പടയപ്പയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. 15 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് കൊമ്പന്‍മാര്‍ പിന്‍വാങ്ങിയത്.

ആനകള്‍ പിന്നീട് സമീപത്തുള്ള കാട്ടില്‍ 100 മീറ്റര്‍ അകലത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആര്‍.ആര്‍.ടി.സംഘം ആനകളെ നിരീക്ഷിക്കുന്നുണ്ട്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സാധാരണയാണെന്നും ആവശ്യമെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അടുത്തിടെ, ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ കുത്തേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞിരുന്നു.