- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരനെ അപായപ്പെടുത്താന്‍ കൂടോത്രം..? കണ്ണൂരിലെ വീട്ടില്‍ തകിടും രൂപവും; ഇന്ദിരാഭവനില്‍ ഇരിപ്പിടത്തിനടിയിലും, മുന്‍ താമസ സ്ഥലത്തും തകിടുകള്‍
കണ്ണൂര്‍: കര്‍ണാടക രാഷ്ട്രീയത്തില്‍ ഡി കെ ശിവകുമാറിനെ തകര്‍ക്കാന്‍ കേരളത്തില്‍ മന്ത്രവാദം നടന്നുവെന്ന ആരോപണം അടുത്തിടെയാണ് ഉയര്‍ന്നത്. ഇപ്പോഴിതാ കൂടോത്രം രാഷ്ട്രീയം കേരളത്തിലും ചര്‍ച്ചയാകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും കൂടോത്രം നടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ വാര്‍ത്തകളായി പുറത്തുവരുന്നത്. കെ സുധാകരന്റെ വസതികളില്‍ നിന്നും ഓഫീസില്‍ നിന്നം കൂടോത്ര സമാനമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ന്യൂസ് 18 ചാനലാണ്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നും നിരവധി കൂടോത്ര വസ്തുക്കള്‍ കണ്ടെടുത്തതായാണ് വാര്‍ത്ത. പോലീസ് സുരക്ഷയുള്ള വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിര്‍ണായക വീഡിയോ ദൃശ്യങ്ങളും അടക്കം പുറത്തുവന്നിരുന്നു.
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നതും കേള്‍ക്കാം. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇതോടെ കെ സുധാകരനെതിരെ ആരാണ് കൂടോത്രം ചെയ്തിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും സുധാകരനെ ഒഴിവാക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് കൂടോത്ര സാമഗ്രികള്‍ കണ്ടെത്തിയിരിക്കുന്നതും.
നേരത്തെ കര്‍ണാടക സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആരോപിച്ചതും വിവാദമായിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കര്‍ണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും പേര് പരാമര്‍ശിക്കാതെ ശിവകുമാര്‍ ആരോപിച്ചിരുന്നു. ഇതോടെ കേരള മന്ത്രിമാരും ഈ ആരോപണത്തിനെതിരെ രംഗത്തുവന്നിരുന്നു.
'കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ 'രാജകണ്ഡക', 'മരണ മോഹന സ്തംഭന' യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്" ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു.
താനൊരു വിശ്വാസിയാണ്. തനിക്കും സിദ്ധരാമയ്യയ്ക്കും ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. 'പഞ്ച ബലി'അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം വിശ്വസിക്കുന്ന ശക്തികള്‍ നമ്മെ സംരക്ഷിക്കും. വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാറുണ്ട്"- ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍, യാഗം നടത്തിയ ആരുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര്‍ണാടകയിലെ ചില രാഷ്ട്രീയക്കാര്‍ ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആരാണ് ഈ യാഗങ്ങള്‍ ചെയ്തതെന്ന് തങ്ങള്‍ക്കറിയാം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ലക്ഷ്യംവെച്ചിരിക്കും. അവര്‍ അത് ചെയ്യട്ടെ. താന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ, മന്ത്രവാദത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു.