ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെ പെണ്‍സുഹൃത്തിന്റെ വീടിനു സമീപം നിര്‍ത്തിയിട്ട വാന്‍ തട്ടിയെടുത്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വഴി സൗഹൃദത്തിലായ യുവതിയെ കാണാന്‍ ചെന്നൈയിലെത്തിയതായിരുന്നു യുവാവ്.

എന്‍ജിനിയറിങ് ബിരുദധാരിയായ യുവാവാണ് പിടിയിലായത്. നട്ടില്‍ പോകാന്‍ പണമില്ലാതെ വന്നതോടെയാണ് വാന്‍ തട്ടിയെടുത്തതെന്നാണ് യുവാവ് പോലിസിനോട് പറഞ്ഞത്. യുവതി തന്നെ ഇഷ്ടപ്പെടാനും വിവാഹം കഴിക്കാനും സഹായിക്കണമെന്ന് ഇയാള്‍ പോലീസിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവാവ് ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയെ പരിചയപ്പെട്ടത്. മേല്‍വിലാസം വാങ്ങി കഴിഞ്ഞദിവസം ഇവിടെയെത്തി. പിന്നീട് ഇരുവരും തമ്മില്‍ കാണുകയും യുവാവ് പ്രണയാഭ്യര്‍ഥന നടത്തുകയുമായിരുന്നു.

യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ് വാന്‍ തട്ടിയെടുത്തത്. സാധനങ്ങള്‍ ഇറക്കുന്നതിനായി ബേക്കറിക്കു മുന്നില്‍ നിര്‍ത്തിയിട്ട വാനാണ് ഇയാള്‍ തട്ടിയെടുത്തത്. ചെന്നൈ വിമാനത്താവളത്തിനുസമീപം എത്തിയപ്പോള്‍ തിരിച്ചുപോയി വീണ്ടും യുവതിയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് വാന്‍ അവിടെത്തന്നെ ഉപേക്ഷിച്ചതിനുശേഷം ബസില്‍ അണ്ണാനഗറില്‍ എത്തിയപ്പോഴാണ്, വാനുടമയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.