കോട്ടയം: തീവണ്ടിയാത്രക്കാരന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ച് വിറ്റയാള്‍, അതേ കടയില്‍ വീണ്ടും മൊബൈല്‍ വില്‍ക്കാനെത്തിയപ്പോള്‍ പിടിയിലായി. അസം നാഗ ജില്ല സ്വദേശി ജുരായിര പുസ്‌കിയ മൈനുള്‍ ഹക്കി (21) നെയാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. തീവണ്ടികളില്‍ നിന്ന് പതിവായി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചു വില്‍ക്കുന്നതാണ് ഇയാളുടെ സ്ഥിരം കലാപരിപാടി.

ഒന്നാം തീയതി കന്യാകുമാരി എക്‌സ്പ്രസിലാണ് ലാപ്‌ടോപ്പ് മോഷണം നടന്നത്. തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുപോയ തിരുവനന്തപുരം സ്വദേശിയുടെ ലാപ്‌ടോപ്പാണ് മോഷ്ടിച്ചത്. ലാപ്‌ടോപ്പ് മോഷ്ടിച്ച ശേഷം യുവാവ് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലിറങ്ങി. തിരുവനന്തപുരത്തെത്തിയപ്പോഴാണ് ലാപ്‌ടോപ്പ് മോഷണം പോയതായി യാത്രക്കാരന്‍ അറിയുന്നത്.

അന്വേഷണം നടത്തിവരുന്നതിനിടെ, ലാപ്‌ടോപ്പ് പെരുമ്പാവൂരില്‍ ഓണ്‍ ആയെന്ന് കണ്ടെത്തി. പെരുമ്പാവൂരിലെ കടയുടമയുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പ് വിറ്റയാളുടെ ചിത്രം പോലീസ് ശേഖരിച്ചു. ഇതിനിടെ മറ്റൊരു മൊബൈല്‍ ഫോണുമായി ഇതേ കടയില്‍ ഇയാള്‍ വീണ്ടുമെത്തി. കടയുടമ വിവരം കോട്ടയം റെയില്‍വേ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പ്രതിയെ പിടിച്ചു. ഇയാളില്‍നിന്ന് മറ്റൊരു മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ റെജി പി.ജോസഫ്, സി.പി.ഒ.മാരായ രതീഷ്, ദിലീപ്, രാഹുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡുചെയ്തു.