- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കും; 82 പേജുകള്‍ പൂര്‍ണമായും ഇല്ലാതാകും: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തേക്ക്
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നു പുറത്തു വിടും. എന്നാല്‍ കമ്മറ്റിയിലെ വിവാദമായേക്കാവുന്ന പ്രസക്ത ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാവും റിപ്പോര്‍ട്ട് പുറത്ത് വിടുക. സമൂഹത്തില്‍ നിന്നുള്ള നിരന്തരമായ ആവശ്യം ഉണ്ടായിട്ടും പുറത്തു വിടാതിരുന്ന റിപ്പോര്‍ട്ട് വിവരാവകാശ രേഖ പ്രകാരമാണ് അഞ്ചു വര്‍ഷത്തിനു ശേഷം വെളിച്ചം കാണാന്‍ ഒരുങ്ങുന്നതും. അതും പ്രധാനപ്പെട്ട പല ഭാഗങ്ങളും ഒഴിവാക്കിയ ശേഷം.
ഹേമാക്കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ പുറത്ത് വിടുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയുമായ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ചാണ് ഇവ ഒഴിവാക്കി പ്രസിദ്ധീകരിക്കുന്നത്. ഒരു പക്ഷേ സമൂഹത്തില്‍ വന്‍ ചര്‍ച്ചയായേക്കാവുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നല്കിയ അഞ്ചു പേര്‍ക്ക് 233 പേജുകള്‍ ഉള്‍പ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെ കൈമാറും.
പലരുടെയും മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഈ വെട്ടിച്ചുരുക്കലിലൂടെ നടക്കുക. ഏതൊക്കെ ഭാഗങ്ങള്‍ നല്‍കുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകര്‍ക്ക് നോട്ടിസ് നല്കാന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ.ഹക്കീം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട 5 പേരെയും സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫിസര്‍ അറിയിച്ചു. തുടര്‍ന്ന് 5 പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിട്ടുണ്ട്.