തിരുവനന്തപുരം: ആഴക്കടൽമത്സ്യ ബന്ധന കരാർ വിവാദത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ കത്തോലിക്ക സഭ. കരാറിലൂടെ കടലിനെ വിൽക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഫിഷറീസ്, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥയെന്നും കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗത്തിനു ശേഷം ബിഷപ്പ് ജോസഫ് കരിയിൽ പറഞ്ഞു.

സർക്കാർ തുടർച്ചയായി കള്ളം പറഞ്ഞുവെന്നും ഇതിന്റെ പ്രതിഫലനം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ബിഷപ്പ് ജോസഫ് കരിയിൽ പറഞ്ഞു. ആഴക്കടൽ കരാർ വിഷയത്തിൽ ലത്തീൻ സഭക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. 

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, അറിഞ്ഞു, ചെയ്തു എന്നൊന്നും താൻ പറയില്ല. അദ്ദേഹത്തിന്റെ മേലാണ് ഇതിന്റെ മുഴുവൻ ഉത്തരവാദിത്വം എന്ന് കരുതുന്നില്ല. അനങ്ങിയാൽ ഉടൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന ശൈലിയിലല്ല താൻ സംസാരിക്കുന്നത്. പക്ഷെ മേഴ്സിക്കുട്ടിയമ്മയ്ക്കും മറ്റും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ പറ്റില്ല. അവർ ഗൂഢാലോചന എന്നു പറയുന്നുണ്ടെങ്കിൽ, ഗൂഢാലോചന അവരാണ് നടത്തിയിരിക്കുന്നത്- ബിഷപ്പ് ജോസഫ് കരിയിൽ പ്രതികരിച്ചു.

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ തണുപ്പിക്കാനും മത്സ്യ തൊഴിലാളി മേഖലയിലുള്ളവരെ അനുനയിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നതിനിടെയാണ് പരസ്യ പ്രതിഷേധവുമായി ലത്തീൻ സഭയും രംഗത്തെത്തിയത്. ലത്തീൻ സഭയുടെ നയ രൂപീകരണ സമിതിയായ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗത്തിനു ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്. 

കരാർ വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാനാണ് മന്ത്രിമാർ ശ്രമിച്ചതെന്നാണ് ആക്ഷേപം. ഇഎംസിസിയുമായുള്ള കരാർ സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു. അധികാരത്തിൽ ആനുപാതിക പങ്കാളിത്തം വേണമെന്നും റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു.

അതിനിടെ ആഴക്കടൽ കരാറിൽ ലത്തീൻ സഭയുടെ നിലപാടിനെ പരസ്യമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ രംഗത്തു വന്നു. ഇടതുപക്ഷം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആഴക്കടൽ കരാറിൽ സർക്കാരിനെ യാക്കോബായ സഭ വിമർശിക്കുന്നതും ഇതാദ്യമായാണ്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സർക്കാർ റദ്ദാക്കിയിരുന്നു. ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെ കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി നൽകാനുള്ള തീരുമാനവും റദ്ദാക്കി.

പ്രാഥമികമായ കരാർ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം. അതേസമയം ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്ഐഡിസിക്ക് ലഭിച്ച നിർദ്ദേശം.

കഴിഞ്ഞവർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകൾ ഉണ്ടാക്കാൻ കെഎസ്ഐഎൻഎലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും ദിവസങ്ങൾക്ക് മുമ്പ് റദ്ദാക്കിയിരുന്നു.