- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ്ലിൻ അഴിമതി കേസ് ഈ മാസം 31നു പരിഗണിക്കരുതെന്ന് ഹർജിക്കാരിലൊരാളായ കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ അപേക്ഷ നൽകിയത് കോവിഡിന്റെ മറവിൽ അപ്പീലിൽ തീരുമാനം നീട്ടിയെടുക്കാനുള്ള ശ്രമം; തിരുവോണ നാളിൽ സുപ്രീംകോടതി എടുക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തിലും നിർണ്ണായകം; സിബിഐയുടെ നിലപാട് അതിനിർണ്ണായകമാകും; ലാവ്ലിൻ വീണ്ടും ചർച്ചകളിൽ എത്തുമ്പോൾ
ന്യൂഡൽഹി: ലാവ്ലിൻ അഴിമതി കേസ് ഈ മാസം 31നു പരിഗണിക്കരുതെന്ന് ഹർജിക്കാരിലൊരാളായ കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസനുവേണ്ടി അഭിഭാഷകൻ സുപ്രീംകോടതി രജിസ്റ്റ്രിക്കു കത്തു നൽകി. എന്നാൽ കേസ് അനിശ്ചിതമായി നീട്ടി വയ്ക്കാനാണ് ശ്രമം. കോവിഡ് കോലത്തെ മറയാക്കാനാണ് നീക്കം. ഈ കത്തിൽ സുപ്രീംകോടതി എടുക്കുന്ന നിലപാടാകും നിർണ്ണായകം. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഈ കേസുമായി ബന്ധപ്പെട്ടവർക്ക് അതിനിർണ്ണായകമാണ്.
വിഡിയോ കോൺഫറൻസിങ് (വിസി) സംവിധാനത്തിലൂടെയല്ലാതെ, കോടതി നേരിട്ടു പരിഗണിക്കുന്ന സമയം വരെ കേസ് മാറ്റണമെന്നും തയ്യാറെടുപ്പിന് 6 ആഴ്ച സമയം വേണമെന്നും സുപ്രീംകോടതിക്ക് നൽകിയ കത്തിൽ ശിവദാസൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് 31നു പരിഗണിക്കുന്നവയുടെ പട്ടികയിൽ ലാവ്ലിൻ കേസ് ഉൾപ്പെട്ടതെങ്ങനെ എന്നതിൽ അവ്യക്തതയുണ്ടെന്നാണ് വാദം. ഇതാണ് ചർച്ചയാക്കുന്നത്. വിസി സംവിധാനത്തിലൂടെ ഈ മാസം 24 മുതൽ പരിഗണിക്കാനുള്ള അന്തിമവാദ കേസുകളുടെ പട്ടിക കഴിഞ്ഞ 12നു രജിസ്റ്റ്രി പുറത്തുവിട്ടിരുന്നു. ഈ പട്ടികയിൽ ലാവ്ലിൻ കേസ് ഇല്ലായിരുന്നു.
ഈ പട്ടികയിലെ ഏതെങ്കിലും കേസ് വിസി സംവിധാനത്തിലൂടെ പരിഗണിക്കുന്നതിൽ വിയോജിപ്പുണ്ടെങ്കിൽ വ്യക്തമാക്കാനും നിർദേശമുണ്ടായി. തുടർന്ന്, 24 മുതൽ പരിഗണിക്കാൻ തീരുമാനിച്ച എണ്ണൂറിലേറെ അന്തിമവാദ കേസുകളുടെ പട്ടിക 19നു വന്നു. എന്നാൽ, കഴിഞ്ഞ ദിവസം വന്ന പട്ടികയിൽ ലാവ്ലിൻ കേസ് ഉൾപ്പെട്ടു. കേസ് പരിഗണിക്കുന്നതു പുതിയ ബെഞ്ചാണെന്നും വ്യക്തമായി. ഇതോടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും സുപ്രീകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ ഈ കേസ് കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നാണ്.
ഈ ഘട്ടത്തിൽ കേസ് പരിഗണിക്കുന്നത് പല പ്രമുഖരും ആഗ്രഹിക്കുന്നില്ല. ഇത്തരം വാദങ്ങൾ സജീവമായി ചർച്ചയാകുന്നതിനിടെയാണ് കേസ് നീട്ടാനുള്ള നടപടികൾ നടക്കുന്നത്. കേസിലെ ഏതെങ്കിലും കക്ഷി പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലാകാം കേസ് 31നു പരിഗണിക്കുന്നതെന്നാണ് ശിവദാസിനുവേണ്ടി പി.വി.ശരവണരാജ നൽകിയ കത്തിൽ പറയുന്നത്. വാദത്തിനെടുക്കാനായി കേസ് ഏതെങ്കിലും കക്ഷി പരാമർശിക്കുന്നെങ്കിൽ, അതു മറ്റു കക്ഷികളെയും അറിയിക്കണം. എന്നാൽ, അറിയിപ്പു ലഭിച്ചിട്ടില്ല.
മാത്രമല്ല, അന്തിമവാദ കേസുകൾക്കുള്ള ദിവസങ്ങളിൽ (ചൊവ്വ, ബുധൻ, വ്യാഴം) ലാവ്ലിൻ കേസ് പരിഗണിക്കാനാണ് കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന്റെ ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയതെന്നും കത്തിൽ പറയുന്നു. 31നാണ് പരിഗണിക്കുന്നതെങ്കിൽ, ആ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നതാകും സ്ഥിതിയെന്നാണ് അതിലൂടെ സൂചിപ്പിക്കുന്നത്. വിഷയം ക്രിമിനൽ കേസാണെന്നും വാദം ഫലപ്രദമാകണമെങ്കിൽ സിബിഐക്ക് ഒട്ടേറെ രേഖകൾ ഹാജരാക്കേണ്ടിവരുമെന്നും അതു കണക്കിലെടുത്ത് നേരിട്ടു പരിഗണിക്കുന്ന സമയത്തേക്ക് കേസ് മാറ്റണമെന്നും അഭിഭാഷകൻ കത്തിൽ വ്യക്തമാക്കി.
ലാവ്ലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐയുടേത് ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച തിരുവോണദിനത്തിൽ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്ന് ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ