തിരുവനന്തപുരം: പിണറായി വിജയന്റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കുന്ന കേഡറുകൾ മാത്രമായി മാറില്ലെന്ന സന്ദേശം നൽകി സിപിഎമ്മിൽ രാജികൾ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാനിരിക്കെ, നിയുക്ത സ്ഥാനാർത്ഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക് കടന്നത് പാർട്ടിയെ വെട്ടിലാക്കുന്നുണ്ട്. മലപ്പുറത്തും പത്തനംതിട്ടയിലുമാണ് പ്രതിഷേധം അതിശക്തം. കണ്ണൂരിൽ പിജെ ആർമിയും ആലപ്പുഴയിൽ സുധാകര-ഐസക് പക്ഷങ്ങളും പ്രതിഷേധത്തിലാണ്. തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നൽകാത്ത സാഹചര്യം ആലപ്പുഴയിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ചേർത്തലയിൽ ബിഡിജെഎസിന് വേണ്ടി മത്സരിക്കുന്ന സാഹചര്യവും സിപിഎമ്മിന് തീർത്തും അപ്രതീക്ഷിതമാണ്.

ജനതാദൾ (എസ്) സ്ഥാനാർത്ഥികളായി ഡോ. എ. നീലലോഹിതദാസ് (കോവളം), മാത്യു ടി.തോമസ് (തിരുവല്ല), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ), ജോസ് തെറ്റയിൽ (അങ്കമാലി) എന്നിവരെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പ്രഖ്യാപിച്ചു. എൻസിപി സ്ഥാനാർത്ഥികളായി മന്ത്രി എ.കെ. ശശീന്ദ്രൻ (എലത്തൂർ), തോമസ് കെ.തോമസ് (കുട്ടനാട്), എൻ.എ. മുഹമ്മദ് കുട്ടി (കോട്ടയ്ക്കൽ) എന്നിവരെ ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു. കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ വീണ്ടും മത്സരിക്കും. സിപിഐയും 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതിൽ ജനതാദള്ളിലും എൻസിപിയിലും പ്രശ്‌നങ്ങളുണ്ട്. കോവളത്ത് നീലനെതിരെ ഭാര്യ ജമീലാ പ്രകാശം തന്നെ പ്രതിഷേധത്തിലാണ്. ജമീലയെ വെട്ടിയാണ് നീലൻ സീറ്റ് ഏറ്റെടുക്കുന്നത്. എലത്തൂരിൽ ശശീന്ദ്രനെതിരെ എൻസിപി വിമതരും സജീവമാണ്.

ഇതിലും വലിയ വെല്ലുവിളിയാണ് മലപ്പുറത്ത് സിപിഎം നേരിടുന്നത്. പൊന്നാനിയിൽ പാർട്ടി കോട്ടയിൽ വലിയ വിള്ളലാണ് ഉണ്ടാകുന്നത്. പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോക്കൽ കമ്മിറ്റികളിൽ നിന്നായി 10 പേർ രാജി നൽകി. എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 5 പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ സിപിഎമ്മിന് ഇപ്പോഴും കഴിയുന്നില്ല. പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ടി.എം. സിദ്ദീഖ് സ്ഥാനാർത്ഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തള്ളി. ഇത് പ്രതിഷേധം കൂട്ടുന്നു. പത്തനംതിട്ടയിലെ റാന്നിയിലും സമാന രീതിയിലാണ് കാര്യങ്ങൾ. എന്നാൽ അവിടെ രാജി പ്രതിസന്ധി പാർട്ടിക്കുണ്ടായിട്ടില്ല.

ആലപ്പുഴയിൽ 5 തവണ തണ്ണീർമുക്കം പഞ്ചായത്തംഗവും കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎം നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി. മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗം പി.എസ്. ജ്യോതിസിനെയാണ് ചേർത്തലയിലെ സ്ഥാനാർത്ഥിയായി ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. പാലക്കാട്ടെ കോങ്ങാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ. ശാന്തകുമാരിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ 8 ലോക്കൽ കമ്മിറ്റികളിൽ നിന്നു പ്രതിഷേധം ഉയർന്നു. മഞ്ചേശ്വരത്ത് കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ കഴിയുന്നുമില്ല. മലമ്പുഴയിലെ സ്ഥാനാർത്ഥി എ. പ്രഭാകരനെതിരെ 'സേവ് കമ്യൂണിസ'ത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു. ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം നടക്കുകയാണ്. കേസുകളിൽ പ്രതിയായായതിന്റെ പേരിൽ നടപടി നേരിട്ട ഏരിയ സെക്രട്ടറി സക്കീർ ഹുസെന്റെ സംരക്ഷകനായി ചിത്രീകരിച്ചുള്ള പോസ്റ്റർ കളമശേരിയിൽ പി. രാജീവിനെതിരെ ഉയർന്നു.

കേരള കോൺഗ്രസിനു റാന്നി, കുറ്റ്യാടി സീറ്റുകൾ സിപിഎം വിട്ടുനൽകിയതിലെ എതിർപ്പും തുടരുന്നു. റാന്നി മണ്ഡലത്തിലെ മുഴുവൻ (19) ലോക്കൽ കമ്മിറ്റികളും പ്രതിഷേധം അറിയിച്ചു. രണ്ടിടത്ത് അംഗങ്ങൾ ഇറങ്ങിപ്പോയി. ഒരിടത്തു പ്രതിഷേധ പ്രകടനം നടന്നു. റാന്നിയിൽ രാജി ഉണ്ടായില്ലെന്നത് മാത്രമാണ് ആശ്വാസം. രാജു എബ്രഹാമിന് സീറ്റ് കൊടുക്കാതിരിക്കാനുള്ള കള്ളക്കളിയാണ് റാന്നിയിൽ സംഭവിച്ചതെന്നാണ് പൊതു വികാരം. കോട്ടയത്ത് സിപിഎമ്മും സിപിഐയും തമ്മിലാണ് പ്രശ്‌നം. കണ്ണൂരിൽ എലത്തൂർ സീറ്റിൽ എൻസിപി വിമതരും പ്രശ്‌നത്തിലാണ്. ശശീന്ദ്രന് സീറ്റ് കിട്ടി. പക്ഷേ വിമതർ എന്തു ചെയ്യുമെന്നതാണ് ആർക്കും പിടിയില്ലാത്തത്.

റാന്നിയിൽ സീറ്റ് വിട്ടു കൊടുത്ത സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനാണ് ലോക്കൽ കമ്മിറ്റികൾ ചേർന്നത്. റാന്നി, അങ്ങാടി, പഴവങ്ങാടി, മന്ദമരുതി, വെച്ചൂച്ചിറ, കൊല്ലമുള, നാറാണംമൂഴി, വലിയകുളം, വടശേരിക്കര, പെരുനാട്, പമ്പാവാലി, കോട്ടാങ്ങൽ, വായ്പൂർ, കൊറ്റനാട്, എഴുമറ്റൂർ, തെള്ളിയൂർ, അയിരൂർ നോർത്ത്, സൗത്ത്, ചെറുകോൽ എന്നീ 19 ലോക്കൽ കമ്മിറ്റികളും ചേർന്നിരുന്നു. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ. ഉണ്ണിക്കൃഷ്ണപിള്ള, കെ. അനന്തഗോപൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രാജു ഏബ്രഹാം എംഎൽഎ, എ. പത്മകുമാർ, ഓമല്ലൂർ ശങ്കരൻ, നിയോജകമണ്ഡലം സെക്രട്ടറി പി.ആർ.പ്രസാദ് എന്നിവരാണ് വിവിധ കമ്മിറ്റികളിൽ പങ്കെടുത്ത് റിപ്പോർട്ടിങ് നടത്തിയത്.

പാർട്ടി തീരുമാനം അറിയിച്ചപ്പോൾ തന്നെ ലോക്കൽ കമ്മിറ്റിയംഗങ്ങൾ പ്രതിഷേധിച്ചു. 5 തവണ തുടർച്ചയായി ജയിച്ച സീറ്റ് കൈമാറിയതിലുള്ള അമർഷം അവർ രേഖപ്പെടുത്തി. എന്നാൽ നേതാക്കൾ ഇത് അവഗണിക്കുകയും പാർട്ടി തീരുമാനം നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് നിർദേശിച്ചു. തീരുമാനം അറിയിച്ചപ്പോൾ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയിലെ 8 അംഗങ്ങൾ ഇറങ്ങിപ്പോയി. പിന്നീട് കമ്മിറ്റി ചേർന്നതുമില്ല. വായ്പൂരും തീരുമാനത്തിൽ വിയോജിച്ച് അംഗങ്ങൾ ഇറങ്ങിപ്പോയി.

കോട്ടയത്ത് കേരളാ കോൺഗ്രസിന് കൂടുതൽ സീറ്റ് കൊടുത്തതിൽ സിപിഐയും വേദനയിലാണ്. പൂഞ്ഞാറിൽ പിസി ജോർജിന് ലോട്ടറി അടിച്ചുവെന്നാണ് സിപിഐക്കാർ പ്രതികരിക്കുന്നത്. അതായത് സ്വതന്ത്രനായി മത്സരിക്കുന്ന പിസി പൂഞ്ഞാറിൽ വീണ്ടും ജയിക്കുമെന്ന ചർച്ചയാണ് സിപിഐ ഉയർത്തുന്നത്. ഇത് കോട്ടയത്തെ ഇടതു കെട്ടുറപ്പിനെ സീറ്റ് വിഭജനം ബാധിച്ചുവെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ എല്ലാ പ്രതിഷേധവും അപ്രസക്തമാക്കുന്ന ജനവിധിയാണ് സിപിഎം കണക്കുകൂട്ടലിൽ.