- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ അടിസ്ഥാനത്തിൽ തുടർ ഭരണ പ്രതീക്ഷയിൽ സിപിഎമ്മിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. ജില്ലാ കമ്മിറ്റി യോഗങ്ങൾക്കൊപ്പം അനൗപചാരികമായി സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവനിരയെ കളത്തിലിറക്കി വിജയം നേടിയ പാർട്ടികളും മുന്നണി പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷേ സമാന തന്ത്രമല്ല പയറ്റുന്നത്. യുവത്വത്തിനൊപ്പം പരിചയ സമ്പന്നരെയും ഒരുപോലെ രംഗത്തിറക്കായാണ് നീക്കം. വിജയ സാധ്യത എന്ന ഒറ്റ ഘടകം മാത്രമാണ് പാർട്ടി ഇപ്പോൾ പരിഗണിക്കുന്നതെന്നും, ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കയാണെന്നും മുതിർന്ന സിപിഎം നേതാവ് മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.
സിപിഎമ്മിന്റെ രണ്ട് ദിവസം നീളുന്ന ജില്ലാ കമ്മിറ്റി യോഗങ്ങൾക്കൊപ്പമാണ് അനൗപചാരിക സ്ഥാനാർത്ഥി നിർണയ ചർച്ചകളും നടക്കുന്നത്. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ചുമതലയുള്ള നേതാക്കൾക്ക് പുറമെ മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഓരോ ജില്ലയിലും മുതിർന്ന അംഗങ്ങളുമായി നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും സ്ഥാനാർത്ഥി നിർണ്ണയത്തെ സംബന്ധിച്ചുമുള്ള ചർച്ചകളാണ് ഇവർ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
യുവനിരക്കൊപ്പം പരിചയ സമ്പന്നരും
ചാനൽ ചർച്ചയിലെ സിപിഎമ്മിന്റെ മുഖമായ യുവനേതാക്കൾ ഇത്തവണ മൽസരിക്കുമെന്നാണ് അറിയുന്നത്. കോഴിക്കോട് യുവ നേതാവ് മുഹമ്മദ് റിയാസ് എവിടെ മൽസരിക്കുമെന്ന ചർച്ചകൾ ആണ് പുരോഗമിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുക്കാനായി റിയാസ് രംഗത്തിറങ്ങണമെന്നാണ് കരുതുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ ഭാഗത്തെ ലീഗ് കോട്ടകളിൽ സിപിഎം മുന്നേറ്റം നടത്തിയിരുന്നു. ചാഞ്ചാടുന്ന മണ്ഡലമായ ഇവിടം ഐൻഎല്ലിന് നോട്ടമുണ്ട്. നിലവിൽ മുസ്ലീലീഗ് നേതാവ് എം കെ മുനീർ ആണ് ഇവിടുത്തെ എംഎൽഎ.
പുതിയ സാഹചര്യത്തിൽ മുനീർ കൊടുവള്ളിയിലേക്കോ, മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലേക്കോ മാറുമെന്നും റിപ്പോർട്ടുകൾ ഉണ്ട. അതുപോലെ ഇടതുകോട്ടയായ എലത്തൂരിൽ എൻസിപി മുന്നണി വിടുകയാണെങ്കിൽ, സ്ഥാനാർത്ഥിയാവുക റിയാസ് ആയിരിക്കുമെന്ന് സൂചനയുണ്ട്. എൻ സി പിയിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്ന മന്ത്രി എ കെ ശശീന്ദ്രന് കണ്ണൂരിൽ കടന്നപ്പള്ളി ഒഴിയുന്ന സീറ്റ് നൽകുമെന്നാണ് പറയുന്നത്. അതുപോലെ കുന്ദമംഗലത്ത്, ഇടതു സ്വതന്ത്രനായ പി ടി എ റഹീം മാറുകയാണെങ്കിൽ അവിടെയും പറഞ്ഞ് കേൾക്കുന്നത് റിയാസിന്റെ പേരാണ്.
പാലക്കാട് ലോകസഭാ മണ്ഡലത്തിൽ പരാജയപ്പെട്ട എം ബി രാജേഷ് തൃത്താലയിൽ മൽസരിക്കാൻ എത്തിയാൽ തീപാറുന്ന ഒരു പോരാട്ടം ആയിരിക്കും വി ടി ബൽറാമുമായി ഉണ്ടാവുക.അതുപോലെ തന്നെ ഉമ്മൻ ചാണ്ടിയുടേത് അടക്കമുള്ള സെലിബ്രിറ്റി മണ്ഡലങ്ങളിൽ സിപിഎം യുവ നേതാവ് ജെയ്ക്കിനെയാണ് രംഗത്ത് ഇറക്കുക. പുതുപ്പള്ളിയിലെ നാല് പഞ്ചായത്തുകളിൽ മുന്നേറാൻ കഴിഞ്ഞതിന്റെ പ്രതീക്ഷയിലാണ് ഇടതുപക്ഷം. എ എ റഹീം അടക്കമുള്ള ചാനൽ ചർച്ചകളിലെ ജനപ്രിയ മുഖങ്ങളെയും സിപിഎം രംഗത്തിറക്കാൻ സാധ്യതയുണ്ട്. പി ജയരാജൻ, എം വി ഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളും ഇത്തവണ കളത്തിൽ ഉണ്ടാകും. വി എസ് കഴിഞ്ഞാൽ സിപഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവ് ആയ പി ജയരാജൻ എവിടെ മൽസരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുകന്നത്.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിലെത്തിയതോടെ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെയും രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. യാതൊരു ഉപാധികളുമില്ലാതെയാണ് മുന്നണിയിലേക്ക് വന്നതെന്ന് പറയുമ്പോഴും പാല ഉൾപ്പെടെയുള്ള സീറ്റുകളിൽ തങ്ങൾക്ക് അർഹതയുണ്ടെന്ന് ജോസ് വിഭാഗം നേതാക്കൾ പറഞ്ഞിരുന്നു. അതേസമയം എൻസിപിയുടെ ആശങ്കകൾ പരിഹരിക്കേണ്ടതും മുന്നണിക്ക് മുന്നിലുള്ള പ്രധാന കടമ്പയാണ്. ഇവയ്ക്ക് പുറമെ സിപിഐയുമായി വിവിധ ഇടങ്ങളിൽ സിപിഎം സീറ്റുകൾ വെച്ചുമാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിരവധി സിറ്റിങ്ങ് എംഎൽമാർക്ക് ഇത്തവണയും അവസരം ലഭിച്ചക്കും. എംഎൽഎമാരോട് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത എംഎൽഎമാർ ഇത്തവണ ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടാനുള്ള സാധ്യത ഏറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ അധിപത്യം നിയമസഭാ തെരഞ്ഞെടുപ്പിലും പുലർത്താനായാൽ ഇത്തവണ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ലഭിക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം യുവാക്കൾക്ക് നൽകിയ പ്രാതിനിധ്യം ഏറെ ചർച്ചയായിരുന്നു, തിരുവനന്തപുരം മേയർ ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അമരത്തേക്കും പാർട്ടി പുതുമുഖങ്ങളെ എത്തിച്ചത് ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം നേടിയ വിജയവും യുവാക്കളിലൂടെയായിരുന്നു. പക്ഷേ ഇത്തവണ വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് സിപിഎമ്മിന്റെ സീറ്റ് ചർച്ചകൾ മുന്നോട്ട് നീങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ