- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാം ശരിക്കാൻ എന്നു പറഞ്ഞ് അധികാരത്തിൽ കയറിയ ശേഷം നടത്തിയത് വാഗ്ദാന ലംഘനങ്ങൾ; ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് തുറന്നത് നാടു നീളെ ബാറുകൾ; ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ പിഎസ് സി നോക്കുകുത്തിയായി; ശബരിമലയിൽ മൗനം പാലിച്ച് എൽഡിഎഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ
തിരുവനന്തപുരം: എൽഡിഎഫ് വരും.. എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ തവണത്തെ ഇടതു മുന്നണിയുടെ മുദ്രാവാക്യം. ഈ മുദ്രാവാക്യം അനുസരിച്ചു തയ്യാറാക്കി പ്രകടന പത്രികയിൽ പലകാര്യങ്ങളും നടപ്പാക്കിയെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. എന്നാൽ, പല കാര്യങ്ങളും ഇപ്പോഴും നടപ്പിലായില്ലെന്ന് മാത്രമല്ല, അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് നടന്നതും. ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് പരസ്യം ചെയ്തതതിന് ശേഷം നാടു നീളെയുള്ള ബാറുകൾ തുറന്നു. പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ പോലും ഇഷ്ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടന്നു. അഴിമതി നിരോധനം വാഗ്ദാനം ചെയ്ത ശേഷം മന്ത്രിമാർക്കെതിരെ നേരിട്ടു കേസെടുക്കാൻ അനുമതി വിജിലൻസിന് നിഷേധിച്ചു.. ഇങ്ങനെ നിരവധി വൈരുദ്ധ്യങ്ങലാണ് ഇടതു മുന്നണിയുടെ വാക്കും പ്രവർത്തിയും തമ്മിലുള്ളത്.
ഇക്കുറി ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത് 40 ലക്ഷം തൊഴിൽ അവസരങ്ങളാണ്. ഇത് എവിടെ നിന്നും എങ്ങനെ നടപ്പിലാക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഇത് വെറും പൊള്ള വാഗ്ദാനമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ തവണ 25 ലക്ഷം പേർക്ക് ജോലി നൽകുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. ഇത് എത്രകണ്ട് നടപ്പിലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇതിനിടെ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഇടതുമുന്നണിയുടെ പ്രകടനപത്രിക. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരവും ആഴക്കടൽ വിവാദവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മുന്നിൽക്കണ്ട് തൊഴിൽ മേഖലക്കും തീരദേശത്തിനും പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 50ഇന പദ്ധതികളും 900 വാഗ്ദാനങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ചർച്ചയായ ശബരിമല വിഷയത്തിലെ നിലപാട് പത്രികയിലില്ല. ശബരിമലയിൽ ആദ്യം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന തിരിച്ചറിവും നിലപാട് മാറ്റിയാൽ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നതുമാണ് മൗനത്തിനുപിന്നിൽ. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു എ.വിജയരാഘവന്റെ പ്രതികരണം.
എല്ലാ വർഷവും പ്രകടനപത്രികയുടെ പുരോഗതി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ഇടതുമുന്നണി ഇക്കുറി നൽകുന്ന പ്രഖ്യാപനം. 5 വർഷം മുൻപത്തെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നും തുടർഭരണത്തിനുള്ള വാഗ്ദാനങ്ങളാണ് ഇപ്പോൾ നൽകുന്നതെന്നും എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവൻ പറഞ്ഞു.
മറ്റു പ്രധാന വാഗ്ദാനങ്ങൾ
മിനിമം കൂലി 700 രൂപയാക്കും.
20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ. 15 ലക്ഷം പേർക്ക് ഉപജീവന തൊഴിൽ. സർക്കാർ സ്ഥാപനങ്ങളിൽ സ്‌പെഷൽ റൂൾ തയാറാക്കി നിയമനങ്ങൾ പിഎസ്‌സിക്കു വിടും.
ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ ഹബ്. 15,000 സ്റ്റാർട്ടപ്പുകൾ.
കൃഷിക്കാരുടെ വരുമാനം 50% വർധിപ്പിക്കും.
മത്സ്യവിഭവങ്ങൾ ഉൾപ്പെടെ കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും. കോർപറേറ്റ് ട്രോളറുകൾക്ക് കേരളത്തിലെ തുറമുഖങ്ങളിൽനിന്നു പ്രവർത്തനത്തിന് അനുമതി നൽകില്ല.
മുഴുവൻ പട്ടിക ജാതി വർഗ കുടുംബങ്ങൾക്കും വീട്.
പുതുതായി പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം 10 ലക്ഷമായി ഉയർത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് 30 മികവിന്റെ കേന്ദ്രങ്ങൾ. ഭിന്നശേഷിക്കാർക്കായി കൂടുതൽ ബഡ്‌സ് സ്‌കൂളുകൾ. സ്‌പെഷൽ സ്‌കൂളുകൾക്ക് ധനസഹായം ഇരട്ടിയാക്കും.
20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തിച്ചികിത്സ. 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം.
എല്ലാ പഞ്ചായത്തുകളിലും കളിക്കളം.
കൊച്ചി പാലക്കാട്, കൊച്ചി മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം തലസ്ഥാന നഗര മേഖലാ വികസനം, സിൽവർ ലൈൻ വേഗറെയിൽ, കോവളം ബേക്കൽ ജലപാത എന്നീ പദ്ധതികൾ പൂർത്തിയാക്കും. 15,000 കിലോമീറ്റർ റബറൈസ്ഡ് റോഡുകൾ.
കൊച്ചി മെട്രോ പൂർത്തിയാക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, തലശ്ശേരി മൈസൂരു, നിലമ്പൂർ നഞ്ചൻകോട് റെയിൽപാത പദ്ധതികൾ നടപ്പാക്കും.
ഉറവിടമാലിന്യ സംസ്‌കരണം. ആവശ്യമുള്ള സ്ഥലങ്ങളിൽ വൻകിട മാലിന്യ സംസ്‌കരണ പ്ലാന്റുകൾ.
സ്ത്രീസുരക്ഷയ്ക്ക് ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ ജനകീയ പ്രചാരണ പരിപാടി. ശിശുസൗഹൃദ തദ്ദേശസ്ഥാപന പദ്ധതി നടപ്പാക്കും. പട്ടിണി ഇല്ലാതാക്കാൻ വിശപ്പുരഹിത കേരളം പദ്ധതി.
കേരള ബാങ്ക് വിപുലീകരിച്ച് പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും. പ്രവാസി പുനരധിവാസത്തിനു തൊഴിൽ പദ്ധതികൾ.
നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിൽ കേരളത്തെ ആദ്യ പത്തിലെത്തിക്കും.
2025ൽ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കും.
മറുനാടന് മലയാളി ബ്യൂറോ