തിരുവനന്തപുരം: എല്ലാം പാർട്ടി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയും. എല്ലാം നടപ്പാക്കുന്നത് സിപിഎം സംസ്ഥാന സമിതിയുടേയും സെക്രട്ടറിയേറ്റിന്റേയും അംഗീകാരത്തോടെയാണ്. പാർട്ടിയുടെ മിനിട്‌സ് ബുക്കുകളിലും ഇത് വ്യക്തമാകും. പക്ഷേ പിണറായി പറയുന്നത് അതേ പോലെ തീരുമാനിക്കുകയാണ് പാർട്ടി ഘടകങ്ങൾ. ആരും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കെകെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതു പോലും ഇതിന് തെളിവാണ്. പിണറായിയുടെ മനസ്സ് കോടിയേരി ബാലകൃഷ്ണൻ അണ് കമ്മറ്റിയിൽ പറയുക. അത് എല്ലാവരും അംഗീകരിക്കും. ഇതു തന്നെയാണ് മന്ത്രിമാരെ നിശ്ചയിച്ചതിലും മന്ത്രിമാരുടെ വകുപ്പുകൾ നൽകലിലും എല്ലാം പ്രതിഫലിച്ചത്.

മന്ത്രിമാരുടെ പേരുകൾ സിപിഎം പുറത്തു വിട്ടപ്പോൾ എംവി ഗോവിന്ദന്റെ പേരായിരുന്നു പിണറായിക്ക് പിന്നിൽ രണ്ടാമത്. മൂന്നാമൻ കെ രാധാകൃഷ്ണനും. സിപിഎം മന്ത്രിമാരിൽ മുൻപരിചയമുള്ള ഏക നേതാവ്. മുമ്പ് മന്ത്രിയും സ്പീക്കറുമായിരുന്നു രാധാകൃഷ്ണൻ. എന്നാൽ ഈ പ്രാധാന്യമൊന്നും വകുപ്പു വിഭജനത്തിൽ കിട്ടിയില്ല. എംവി ഗോവിന്ദനും പ്രധാന വകുപ്പു കിട്ടാതെ നിരാശയിലാണ്. വ്യവസായമാണ് ഗോവിന്ദന്റെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. എന്നാൽ തദ്ദേശത്തിൽ ഗോവിന്ദനെ തളയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരും എല്ലാ അർത്ഥത്തിലും അവഗണിക്കപ്പെട്ടു. ഇപിയും ശൈലജയും മാറി പുതിയ ടീം വരുമ്പോൾ എംവി ഗോവിന്ദൻ മാത്രമാണ് കണ്ണൂരിൽ നിന്നുള്ള മന്ത്രി. ഈ പരിഗണന പോലും വകുപ്പ് നൽകലിൽ പ്രതിഫലിച്ചില്ല.

ധനവകുപ്പ് പി രാജീവും പ്രതീക്ഷിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ധനവകുപ്പിൽ ഐസക്കിനെ അടുപ്പിക്കില്ലെന്ന സന്ദേശവുമായി കെ എൻ ബാലഗോപാൽ മന്ത്രിയായി. ജി എസ് ടി അടക്കമുള്ള വിഷയങ്ങളിൽ ഐസക്കിനോട് എതിർത്തു നിന്ന നേതാവായിരുന്നു ബാലഗോപാൽ. അതായത് പുതിയ ധനകാര്യ മാനേജ്‌മെന്റാണ് പിണറായി ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഐസക്കിന്റെ അടുപ്പക്കാരനായ രാജീവിന് വ്യവസായം നൽകി. അപ്പോഴും പ്രധാനപ്പെട്ട വകുപ്പ് തന്നെ സിപിഎം സെക്രട്ടറിയേറ്റിലെ പുതിയ മുഖങ്ങളിൽ ഒരാളായ രാജീവിനും ലഭിച്ചു.

മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും. രണ്ടും പ്രധാന വകുപ്പുകൾ. ജി സുധാകരനെ പോലൊരു പ്രധാന നേതാവ് ഭരിച്ച വകുപ്പാണ് പൊതുമരാമത്ത്. ഇതിലേക്ക് എംവി ഗോവിന്ദനേയോ രാധാകൃഷ്ണനേയോ പോലും പരിഗണിച്ചില്ല. ആരോഗ്യവും വീണാ ജോർജിന് നൽകി. സീനിയോറിട്ടിയൊന്നും ഇതിലേക്ക് പരിഗണിച്ചില്ല. പകരം സീനിയർമാരെ മൂലയ്ക്കിരുത്താനായിരുന്നു പിണറായി ആഗ്രഹിച്ചത്. സജി ചെറിയാനും ഫിഷറീസിലൂടെ കോളടിച്ചു. ശിവൻകുട്ടിക്ക് തൊഴിലുണ്ട്. എന്നാൽ വിദ്യാഭ്യാസത്തോട് ശിവൻകുട്ടിക്ക് താൽപ്പര്യക്കുറവുണ്ട്. എന്നാലും കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുക. അങ്ങനെ എല്ലാവരും കിട്ടിയതു വാങ്ങുന്നു.

കെ.കെ. ശൈലജയെ ഒഴിവാക്കിയതിന്റെ നീറ്റൽ ഇപ്പോഴും സിപിഎമ്മിലുണ്ട്. ശൈലജയുടെ അഭാവത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദനാണ് മന്ത്രിസഭയിലെ രണ്ടാമൻ എങ്കിലും നിലവിൽ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ വഹിച്ച വ്യവസായം അദ്ദേഹത്തിനു ലഭിച്ചില്ല. പകരം സെക്രട്ടേറിയറ്റ് അംഗമായ പി.രാജീവിനാണ് ആ വകുപ്പ്. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക് കൈകാര്യം ചെയ്ത ധനം ലഭിച്ചത് മറ്റൊരു സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാലിനും. ഇതൊന്നും ഒരിക്കലും സീനിയോറിട്ടിയെ അംഗീകരിക്കൽ അല്ല. പിന്നാക്ക ക്ഷേമം കൂടാതെ ദേവസ്വം വകുപ്പ് കെ.രാധാകൃഷ്ണനെ ഏൽപിക്കാൻ തയാറായെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു.അതും ഉണ്ടായില്ല.

സുപ്രധാനമായ പൊതുമരാമത്ത്ടൂറിസം വകുപ്പുകൾ മന്ത്രിസഭയിലെ ജൂനിയർമാരിൽ ഒരാളായ പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചതും ചർച്ചയാണ്. നേരത്തെ റബ്‌കോ ചെയർമാനായിരുന്ന വി.എൻ. വാസവനു സഹകരണം പ്രതീക്ഷിച്ചിരുന്നെങ്കിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന് ഫിഷറീസ് അപ്രതീക്ഷിതമായി. പൊതുഭരണത്തിനൊപ്പം ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ കൈകാര്യം ചെയ്യും. സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനു തദ്ദേശസ്വയംഭരണം/എക്സൈസ് വകുപ്പുകൾ നൽകിയപ്പോൾ, മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ പട്ടികജാതി-വർഗ, പിന്നാക്കക്ഷേമവകുപ്പുകൾക്കു പുറമേ ദേവസ്വത്തിന്റെയും പാർലമെന്ററികാര്യവകുപ്പിന്റെയും ചുമതല വഹിക്കും. 1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയിലും അദ്ദേഹം പട്ടികജാതി-വർഗക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാലാണു പുതിയ ധനമന്ത്രി. മറ്റൊരു സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനു വ്യവസായ, നിയമവകുപ്പുകൾ ലഭിക്കും. കാലങ്ങളായി സിപിഎം. െകെകാര്യം ചെയ്തിരുന്ന െവൈദ്യുതിവകുപ്പ് ജനതാദളി(എസി)ലെ കെ. കൃഷ്ണൻകുട്ടിക്കു വിട്ടുനൽകിയതും അപ്രതീക്ഷിതനീക്കമായി. ഉന്നതവിദ്യാഭ്യാസവകുപ്പ് ഡോ. ആർ. ബിന്ദുവിനും പൊതുവിദ്യാഭ്യാസവകുപ്പ് വി. ശിവൻകുട്ടിക്കുമാണ്.

മന്ത്രിമാരും വകുപ്പുകളും

സിപിഎം.

പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി.
എം വി ഗോവിന്ദൻ: തദ്ദേശസ്വയംഭരണം, എക്സൈസ്.
കെ. രാധാകൃഷ്ണൻ: ദേവസ്വം, പിന്നാക്ക, പട്ടികജാതി-വർഗക്ഷേമം, പാർലമെന്ററി കാര്യം.
കെ.എൻ. ബാലഗോപാൽ: ധനകാര്യം.
പി. രാജീവ്: വ്യവസായം, നിയമം.
വീണാ ജോർജ്: ആരോഗ്യം, സാമൂഹികനീതി, വനിതാശാക്തീകരണം.
വി.എൻ. വാസവൻ: സഹകരണം, രജിസ്ട്രേഷൻ.
സജി ചെറിയാൻ: ഫിഷറീസ്, സാംസ്‌കാരികം.
മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
വി. ശിവൻകുട്ടി: പൊതുവിദ്യാഭ്യാസം, തൊഴിൽ.
ഡോ: ആർ. ബിന്ദു: ഉന്നതവിദ്യാഭ്യാസം
വി. അബ്ദുറഹിമാൻ: പ്രവാസികാര്യം, ന്യൂനപക്ഷക്ഷേമം.

സിപിഐ.

കെ. രാജൻ: റവന്യൂ
പി. പ്രസാദ്: കൃഷി
ജി.ആർ. അനിൽ: ഭക്ഷ്യം, പൊതുവിതരണം.
ജെ. ചിഞ്ചുറാണി: മൃഗസംരക്ഷണം, ക്ഷീരവികസനം.

മറ്റ് ഘടകകക്ഷികൾ

റോഷി അഗസ്റ്റിൻ (കേരളാ കോൺഗ്രസ്-എം): ജലവിഭവം
കെ. കൃഷ്ണൻകുട്ടി (ജെ.ഡി.യു): വൈദ്യുതി
എ.കെ. ശശീന്ദ്രൻ (എൻ.സി.പി): വനം
ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്): ഗതാഗതം
അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ): തുറമുഖം, പുരാവസ്തു, മ്യൂസിയം.