- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറുകക്ഷികൾ ലയിച്ച് ഒന്നായേ മതിയാവൂ എന്ന് ഇപി; മുന്നണി വിപുലപ്പെടുത്തുമ്പോൾ ചെറുകക്ഷികൾ തലവേദന; ലീഗിന് പച്ച പരവതാനി വിരിക്കാനും ഒരുക്കങ്ങൾ; പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ ഒരുകക്ഷിയെ എങ്കിലും അടർത്തുമെന്ന വാശിയിൽ സിപിഎം
തിരുവനന്തപുരം : ഇടതു മുന്നണിയിലെ സമാന സ്വഭാവമുള്ള ചെറുകക്ഷികൾ ലയിച്ച് ഒന്നാകണമെന്ന് സി പി എം നിർദ്ദേശം. നാല് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലും കോൺഗ്രസ് എസും എൻസിപിയും തമ്മിലും ജനതാദളും എൽജെ ഡി യും തമ്മിലും ലയിക്കണമെന്നാണ് സി പി എം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ എൽ ഡി എഫിൽ 11 കക്ഷികളാണുള്ളത്. ഇടത് മുന്നണി കൺവീനറായി നിയമിതനായതിന്റെ പിറ്റേന്ന് തന്നെ ഇ.പി. ജയരാജൻ മുസ്ലിം ലീഗിനെ എൽ ഡി എഫിലെക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിൽ നിന്ന് ചില കക്ഷികളെ എങ്കിലും അടർത്തി എടുക്കണമെന്ന വാശിയിലാണ് സി പി എം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചെറു പാർട്ടികൾ പരസ്പരം ലയിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ ജനതാദളും (എസ്) എൽജെഡി യും തമ്മിൽ ലയിക്കണമെന്നായിരുന്നു സിപിഎം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇരു പാർട്ടികളിലേയും നേതാക്കൾ തമ്മിലുള്ള ഈഗോ മൂലം ലയനം സാധ്യമായില്ല. ഇതിനിടെ എൽ ജെ ഡി യുടെ അഖിലേന്ത്യ പ്രസിഡന്റ് തന്നെ വേറൊരു പാർട്ടിയിൽ പോയി ചേക്കേറിയതയോടെ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറും കൂട്ടരും ലയിക്കാൻ പറ്റിയ താവളം തേടി അലയുകയാണ്.
വളരുകയും പിളരുകയും ലയിക്കുകയും ചെയ്യുന്ന കേരള കോൺഗ്രസിന്റെ മൂന്ന് ചെറു കഷണങ്ങൾ എൽഡിഎഫിലുണ്ട്. ഗണേശ് കുമാർ നയിക്കുന്ന കേരള കോൺഗ്രസ് ( ബി ) മന്ത്രി ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയ തോമസിന്റെ കേരള കോൺഗ്രസ് എന്നീ ഗ്രൂപ്പുകൾ തമ്മിൽ ലയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പാർട്ടികൾക്കുമായി രണ്ട് എം എൽ എ മാരുണ്ട്.
1980 മുതൽ ഇടത് മുന്നണിയിലുള്ള പാർട്ടിയാണ് കോൺഗ്രസ് ( എസ് ) എ കെ ആന്റണിയും കൂട്ടരും 1980 ഇടത് മുന്നണിയിൽ ചേർന്നപ്പോൾ അവരുടെ പാർട്ടിയുടെ പേര് കോൺഗ്രസ് സെക്കുലർ എന്നായിരുന്നു. അവർ 1982 ൽ മുന്നണി വിട്ടപ്പോൾ ആറ് എം എൽ എ മാർ ഇടത് മുന്നണിയിൽ തുടർന്നു. അന്ന് എം എൽ എ ആയിരുന്ന കടന്നപ്പള്ളി ഇപ്പോഴും കോൺഗ്രസ് എസ് എന്ന പേരിൽ തന്നെ എം എൽ എ ആയി തുടരുന്നു. കോൺഗ്രസ് എസ് പലവട്ടം പിളർന്ന് ഒരു കൂട്ടർ ശരദ് പവാറിന്റെ എൻസിപിയിൽ ലയിച്ചു. എൻസിപി തന്നെ പലവട്ടം പിളർന്നും യോജിച്ചുമൊക്കെ മുന്നേറുന്നുണ്ട്.നിലവിൽ എൻസിപി ക്ക് രണ്ട് എം എൽ എ മാരുണ്ട്.
ദീർഘകാലമായി ഇടത് മുന്നണിയിൽ തുടരുന്ന ഇന്ത്യൻ നാഷണൽ ലീഗിന് (ഐ എൻ എൽ) ഇതാദ്യമായി ഒരു മന്ത്രിയെ കിട്ടിയതോടെ തമ്മിലടിച്ച് രണ്ടായി. ഇരു ഗ്രൂപ്പുകളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്നത് പതിവാണ്. രണ്ട് ഗ്രൂപ്പുകളേയും സി പി എം പിന്തുണയ്ക്കുന്നില്ല.
കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേക്കേറിയ പി.സി. ചാക്കോ പ്രസിഡണ്ടായതോടെ എൻസിപിയിൽ തമ്മിലടി ഒഴിഞ്ഞ നേരമില്ല. മന്ത്രിയെപ്പോലം നോക്കുകുത്തിയാക്കി ചാക്കോ വകുപ്പ് ഭരിക്കുന്നുവെന്നാണാക്ഷേപം. ചെറു പാർട്ടികൾ തമ്മിൽ ലയിച്ചില്ലെങ്കിൽ യു ഡി എഫിൽ നിന്ന് പുതുകക്ഷികൾ വരുമ്പോൾ അവരെ അക്കോമഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് പാർട്ടിയുടെ ഉത്കണ്ഠ . നേരത്തെ ഇടത് മുന്നണിയിലുണ്ടായിരുന്ന ആർ എസ് പി, ഫോർവേർഡ് ബ്ളോക്ക് എന്നി കക്ഷികളെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് നേതൃത്വം.