- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത് ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ജനങ്ങളെ ഇളക്കിമറിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഇത്തരം സ്റ്റാർ കാമ്പയിനർമാർ എന്നും ഉണ്ടായിട്ടുണ്ട് താനും. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇടതു മുന്നണിയുടെ ക്രൗഡ് പുള്ളർ. വി എസ് എത്തിയിരുന്നിടത്തൊക്കെ രാഷ്ട്രീയം മറന്നും ആളുകൾ തടിച്ചുകൂടിയ കാലം. ഇപ്പോൾ അദ്ദേഹം അനാരോഗ്യം കാരണം സജീവ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച നിലയിലാണ്. ഇതോടെ സ്വാഭാവികമായി മുന്നണിയെ നയിക്കേണ്ട, സ്റ്റാർ കാമ്പയിനർ ആകേണ്ട് മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇമേജ് ഇടിഞ്ഞ് ജനങ്ങനെ അഭിമുഖീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.
സ്വർണ്ണക്കടത്തും മറ്റു വിവാദങ്ങളിലും പെട്ട് ഉഴറുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കാമ്പയിന് എത്തിയാൽ എൽഡിഎഫ് പെട്ടിയിൽ വീഴേണ്ട വോട്ടുകൾ നഷ്ടമാകുമോ എന്ന അവസ്ഥ പോലും ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാമ്പയിനറെ ഇല്ലാത്ത അവസ്ഥയിലാണ് ഇടതു മുന്നണി. യുഡിഎഫിന് വേണ്ടി ഉമ്മൻ ചാണ്ടി തന്നെ കളത്തിൽ ഇറങ്ങിയതോടെ മികച്ച പ്രതികരണം ലഭിക്കുമ്പോൾ വ്യക്തിപ്രഭാവം ഇല്ലാത്ത നേതാക്കളെ കൊണ്ട് പെട്ടിരിക്കയാണ് ഇടതു മന്നണി.
കോവിഡ് നിയന്ത്രണം മൂലമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നേരിട്ടു വോട്ടു തേടാൻ എത്താതത് എന്നാണ് പറയുന്നത്. അതേസമയം ാൺലൈൻ പ്രചാരണത്തിൽ സജീവമായ അദ്ദേഹം ഇന്നു 'വികസന വിളംബര' സന്ദേശം നൽകും. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽനിന്ന് ഒരു മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കുന്നത് ഇത് ആദ്യമാണ്.
വി എസ്.അച്യുതാനന്ദനും പിണറായിയും കോടിയേരി ബാലകൃഷ്ണനും ആണ് സിപിഎമ്മിന്റെ പ്രചാരണ വേദികളെ സമീപകാലത്ത് ആവേശഭരിതമാക്കിയിരുന്നത്. ഇക്കുറി 3 പേരുമില്ലാത്തത് പാർട്ടിക്ക് തിരിച്ചടിയാകുന്നുണ്ട്. ചികിത്സയുടെ പേരിൽ സെക്രട്ടറി പദവിയിൽനിന്ന് അവധി എടുത്ത കോടിയേരി ഓൺലൈൻ പ്രചാരണത്തിലുമില്ല. പകരം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ആണു പട നയിക്കുന്നത്. കേരളത്തിൽ തുടരുന്ന പിബി അംഗം എസ്.രാമചന്ദ്രൻപിള്ള പ്രചാരണത്തിനു നേരിട്ടില്ല.
ഓരോ ജില്ലയുടെയും ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് അവിടെ നേതൃത്വം കൊടുക്കുന്നത്. മന്ത്രിമാർ സ്വന്തം ജില്ലയ്ക്കു പുറമേ സാധിക്കുന്നിടത്തെല്ലാം പോകണമെന്നാണു നിർദ്ദേശം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചികിത്സയിലും വിശ്രമത്തിലും ആയതും എൽഡിഎഫിനു തിരിച്ചടിയായി. ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന കാനം പാർട്ടി ആസ്ഥാനത്തു വീണ്ടും സജീവമായെങ്കിലും ഇന്നലെ ആശുപത്രിയിലായി.
മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ കോവിഡ് ബാധിതനായി ചികിത്സയിലാണ്. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനാണ് എല്ലായിടത്തും ഓടിയെത്തുന്നത്. അസി. സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രിമാർ എന്നിവരും ഇറങ്ങുന്നു. യുഡിഎഫിനു വേണ്ടി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തൃശൂരും പാലക്കാട്ടും വോട്ടു തേടും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പലജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.
ബിജെപിയുടെ പ്രചരണങ്ങളിലെ പ്രധാന വ്യക്തി കേന്ദ്രമന്ത്രി വി മുരളീധരനാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കളത്തിലുണ്ട്. കുമ്മനവും കളത്തിലുണ്ടെങ്കിസും ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ