- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനോദുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞപ്പോൾ ആത്മഹത്യാശ്രമം; സ്കൂട്ടറിൽ മയക്കു മരുന്ന് വച്ച് ഭർത്താവിനെ പിടിപ്പിച്ചതിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ തലയിൽ വെക്കാനും ശ്രമം; സൗമ്യ കസ്റ്റഡിയിലായപ്പോൾ രാജിക്കത്ത് എഴുതി വാങ്ങി സിപിഎം
ഇടുക്കി: വണ്ടന്മേട്ടിൽ ഭർത്താവിനെ സ്കൂട്ടറിൽ മാരക മയക്കു മരുന്ന് വച്ച് പിടിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗമ്യ അകത്തു പോകുമെന്ന് ഉറപ്പായപ്പോൾ മാനം രക്ഷിക്കാൻ സിപിഎമ്മിന്റെ സൂത്രപ്പണി. കാമുകനുമൊത്തു ഭർത്താവിനെ ഒഴിവാക്കാൻ ഗൂഢാലോചന നടത്തിയ സൗമ്യ തങ്ങളുടെ മെമ്പറായി തുടരുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിൽ കസ്റ്റഡിയിൽ വച്ച് തന്നെ സൗമ്യയുടെ രാജി എഴുതി വാങ്ങുകയായിരുന്നു.
നിശ്ചിത ഫോമിൽ വേണം രാജിക്കത്ത് എഴുതാൻ. മൂന്നു ഭാഗമാണ് ഫോമിനുള്ളത്. ഇതിൽ ആദ്യ ഭാഗത്ത് അംഗത്തിന്റെ രാജി എഴുതി ഒപ്പിടണം. അടുത്ത ഭാഗം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്താനുള്ളതാണ്. ഏറ്റവും അവസാനത്തെ ഭാഗം രാജിക്കത്ത് പഞ്ചായത്ത്് സെക്രട്ടറി അംഗീകരിച്ചു കൊണ്ട് ഒപ്പിടാനുള്ളതാണ്. 24 നാണ് സൗമ്യ കസ്റ്റഡിയിൽ ആയത്. മയക്കു മരുന്ന് കേസ് ആയതിനാൽ റിമാൻഡിൽ പോകുമെന്ന് ഉറപ്പായി. പോരാത്തതിന് കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന തെളിയുകയും ചെയ്യും. പൊലീസിൽ നിന്ന് വിവരം ലഭിച്ച സിപിഎം നേതൃത്വം ഉടനടി ഇടപെട്ടു.
11-ാം വാർഡ് മെമ്പർ സ്ഥാനത്ത് നിന്ന് സൗമ്യയുടെ രാജി നിശ്ചിത ഫോമിൽ എഴുതി വാങ്ങി. അറ്റസ്റ്റ് ചെയ്യാൻ ഗസറ്റഡ് ഓഫീസറെ തപ്പി എങ്ങും പോകേണ്ടി വന്നില്ല. വണ്ടന്മേട് പൊലീസ് ഇൻസ്പെക്ടർ നവാസ് തന്നെ സാക്ഷ്യപ്പെടുത്തിക്കൊടുത്തു. ഇനിയിപ്പോൾ ധൈര്യമായി സിപിഎമ്മിന് സൗമ്യയെ തള്ളിപ്പറയാം. കേസിൽ പ്രതിയാകുന്നതിന് മുൻപ് സൗമ്യ പഞ്ചായത്തംഗം രാജി വച്ചുവെന്ന തരത്തിലുള്ള സൈബർ പ്രചാരണമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയിട്ടത് വിനോദിനൊപ്പം വിദേശത്തേക്ക് കടക്കാൻ: പാസ്പോർട്ട് കിട്ടിയത് കഴിഞ്ഞ ദിവസം
ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയ ശേഷം കാമുകൻ വിനോദിനൊപ്പം വിദേശത്തേക്ക് കടക്കാനും സൗമ്യ പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി പാസ്പോർട്ട് എടുത്തത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞയാഴ്ചയാണ് വേരിഫിക്കേഷൻ കഴിഞ്ഞ് പാസ്പോട്ട് ലഭിച്ചത്. സമയബന്ധിതമായിട്ടായിരുന്നു സൗമ്യയുടെയും വിനോദിന്റെയും പ്ലാനിങ്. ഭർത്താവിനെ മയക്കു മരുന്നുമായി പിടിച്ചാൽ ഒരിക്കലും തന്നെ സംശയിക്കില്ലെന്നാണ് സൗമ്യ കരുതിയിരുന്നത്. ഈ പേര് പറഞ്ഞ് ഭർത്താവിനെ ഉപേക്ഷിക്കുന്നതും എളുപ്പമായിരുന്നു. പക്ഷേ, പൊലീസ് എല്ലാ പ്ലാനും പൊളിച്ചു.
എല്ലാം ഭർത്താവറിഞ്ഞപ്പോൾ ആത്മഹത്യാശ്രമം
വിനോദുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിന് പിന്നാലെ സൗമ്യ ആത്മഹത്യാശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ആഡംബര ഹോട്ടലിൽ രണ്ടു പേരും ചേർന്ന് മുറിയെടുത്ത് താമസിച്ചത് ഭർത്താവ് സുനിൽ അറിയുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. ഇതേ തുടർന്നാണ് അമിതമായ അളവിൽ പാരാസെറ്റാമോൾ ഗുളിക കഴിച്ച് സൗമ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വണ്ടന്മേട് സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് ഇവരെ ചികിൽസിച്ചത്.
മയക്കുമരുന്ന് വച്ചത് കോൺഗ്രസുകാരാണെന്ന് വരുത്താൻ നീക്കം
സൗമ്യയുടെ ഭർത്താവ് സുനിലിന്റെ സ്കൂട്ടറിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വച്ചത് കോൺഗ്രസുകാരാണെന്ന് വരുത്തി തീർക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. ഇതിന് പിന്നിലെ ബുദ്ധി സിപിഎമ്മിലെ ചിലരുടേതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പിൽ ചില സിപിഎം നേതാക്കൾക്കെതിരേ കേസുണ്ട്. ഈ മയക്കു മരുന്ന് കേസ് കോൺഗ്രസുകാരുടെ തലയിൽ വച്ചു കെട്ടി ആദ്യത്തെ കേസ് ഒത്തു തീർപ്പാക്കാനായിരുന്നു പദ്ധതി. സൈബർ സെൽ നീക്കമാണ് എല്ലാം പൊളിച്ചത്. സൗമ്യയുടെയും കാമുകന്റെയും മൊബൈൽ ടവർ ലൊക്കേഷൻ എല്ലാ തെളിവുകളും നൽകി.
എറണാകുളത്ത് എന്തിന് പോയതായിരുന്നുവെന്ന ചോദ്യത്തിന് പഞ്ചായത്തിൽ നിന്നുള്ള പരിശീലന ക്ളാസിന് എന്നായിരുന്നു സൗമ്യയുടെ മറുപടി. തുടർന്ന് പൊലീസ് വണ്ടന്മേട് പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. അങ്ങനെ ഒരു പരിശീലനം ഉണ്ടായിരുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്. സെക്രട്ടറിയുടെ മൊഴി ആസ്പദമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ സൗമ്യയ്ക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്ത സൗമ്യയെ താമസിപ്പിച്ചത് സെന്റ് ആന്റണീസ് പള്ളിയുടെ കോൺവന്റിലായിരുന്നുവെന്നൊരു കഥയും പരക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രമുഖ നേതാവ് പൊലീസിനെ സ്വാധീനിച്ചാണത്രേ സുഖതാമസം ഒരുക്കിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്