- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിരയെ വരുതിയിലാക്കാന്‍ ജോണ്‍സണ്‍ എടുത്തത് പ്രണയം മുതല്‍ ഭീഷണി വരെ; ഭര്‍ത്താവിനെ കോള്‍ ചെയ്ത് മണിക്കൂറുകള്‍ മിണ്ടാതിരുന്ന് കോള്‍ ലിസ്റ്റുണ്ടാക്കിയതും ഭയപ്പെടുത്തി കാര്യം നേടാന്‍; റീല്‍സിലെ കമന്റിലും അഭിനന്ദനത്തിലും തുടങ്ങിയ ബന്ധം; ജോണ്‍സണിന്റെ ക്രൂരതയില്‍ രണ്ടാമനുണ്ടോ?
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലാകുമ്പോഴും കേസില്‍ നിറയുന്നത് ദുരൂഹതകള്‍ മാത്രം. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എലി വിഷമാണ് പ്രതി കഴിച്ചതെന്ന് ആശുപത്രിയിലെ പരിശോധനയില്‍ വ്യക്തമായി. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു പ്രതി. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോഴായിരുന്നു ജോണ്‍സണിന്റെ എലി വിഷം കഴിക്കല്‍. അതിനിടെ ആതിരയെ ഭീഷണിപ്പെടുത്താന്‍ പലവിധ തന്ത്രങ്ങള്‍ ജോണ്‍സണ്‍ എടുത്തതായാണ് സൂചന. എങ്ങനേയും ആതിരയെ കുടുംബത്തില്‍ നിന്നും പുറത്താക്കാനായിരുന്നു ഗൂഡാലോചന. മറ്റൊരാള്‍ക്ക് കൂടി ഈ സംഭവത്തില്‍ പങ്കുണ്ടാവാനുള്ള സാധ്യത പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ജോണ്‍സണ്‍ വിഷം കഴിച്ചതോടെ ഇനി പ്രതി ആരോഗ്യം വീണ്ടെടുക്കേണ്ടത് അന്വേഷണത്തിലും നിര്‍ണ്ണായകമാകും. പലവിധ ദുരൂഹതകള്‍ ഈ കേസില്‍ അഴിയാനുണ്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ടെന്ന് മനസ്സിലാക്കി. അന്വേഷണം പുരോഗമിക്കുമ്പോഴാണ് കോട്ടയത്ത് പ്രതിയുള്ളതായി സൂചന കിട്ടിയത്. ആതിര ഇന്‍സ്റ്റഗ്രാം റീല്‍സുകളുടെ ആരാധികയായിരുന്നു. റീല്‍സുകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുന്നതും പതിവായിരുന്നു. ഈ റീല്‍സുകള്‍ക്കുതാഴെ വന്ന കമന്റുകളിലൂടെയും അഭിനന്ദനങ്ങളിലൂടെയുമാണ് ആതിര വിവാഹമോചിതനായ യുവാവുമായി സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് അടുപ്പമായി, പ്രണയമായി. ആതിരയെ കാണാന്‍ സുഹൃത്ത് വീട്ടിലും എത്തിത്തുടങ്ങി. ഏഴു മാസം മുമ്പ് പ്രശ്‌നം തുടങ്ങി. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ എല്ലാം ആതിര അറിയിച്ചു. ഇതിനിടെ ആതിരയെ ഭാര്യയാക്കാന്‍ ജോണ്‍സണ്‍ കള്ളക്കളികള്‍ തുടങ്ങി. എല്ലാം ഭര്‍ത്താവിനോട് പറയുമെന്നും ഭയപ്പെടുത്തി. ആതിരയെ ഭയപ്പെടുത്താനായി ഇതിനുള്ള പലവിധ തന്ത്രങ്ങളും ജോണ്‍സണ്‍ നടത്തി.
ഇതിനായി രാജീവിനേയും വിളിച്ചിരുന്നു. രാജീവിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിക്കും. ഫോണ്‍ എടുത്താല്‍ പിന്നെ ഒന്നും മിണ്ടില്ല. അങ്ങനെ ഹോള്‍ഡ് ചെയ്യും. ഒരേ നമ്പറില്‍ നിന്നുള്ള വിളി സ്ഥിരമായതോടെ രാജീവിനും ദുരൂഹത തോന്നി. ആരാണെന്നും എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയാനായി ദീര്‍ഘ നേരം ഫോണില്‍ രാജീവ് .. ഹലോ.. ഹലോ എന്ന് പറഞ്ഞു കാത്തു. ചില കോളുകള്‍ അഞ്ചു മിനിറ്റ് വരെ പോയിട്ടുണ്ടെന്നാണ് രാജീവ് നല്‍കുന്ന സൂചന. ഇങ്ങനെ പലതും രാജീവ് പറഞ്ഞിട്ടുണ്ട്. രാജീവുമായി താന്‍ അഞ്ച് മിനിറ്റെല്ലാം സംസാരിച്ചെന്നും എല്ലാം പറഞ്ഞുവെന്നും ആതിരയെ ഭയപ്പെടുത്താന്‍ മൊബൈലിലെ കോള്‍ ലിസ്റ്റ് ഉപയോഗിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം ആതിരയുടെ ഭര്‍ത്താവ് രാജേഷ് പൂജാരിയായ അമ്പലത്തിനു തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയെന്നതും ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഈ സാഹചര്യത്തില്‍ രാജീവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെയാണ് ജോണ്‍സണിനെ കണ്ടെത്തിയത്.
സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസ് നിഗമനം. കുടുംബത്തെ ഉപേക്ഷിച്ച് കൂടെവരണം എന്ന ആവശ്യം നിരസിച്ചതോടെ പ്രതി ആതിരയെ കൊല്ലുകയായിരുന്നു. കൊലയ്ക്ക് അവസരം കാത്ത് പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്നായിരുന്നു ജോണ്‍സന്റെ ആവശ്യം. ആതിര ഇതിന് തയ്യാറായില്ല. ഇതോടെയാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്. കൊലയ്ക്കു ശേഷം ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി കടന്നത്. ചിറയിന്‍കീഴ് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും പ്രതി കോട്ടയത്തേക്ക് പോയി എന്നാണ് നിഗമനം.
ഈ സുഹൃത്തിനെക്കുറിച്ച് ഏഴു മാസങ്ങള്‍ക്കുമുന്‍പ് ആതിര പറഞ്ഞിരുന്നതായും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നിട്ടും ഭര്‍ത്താവ് ആ സുഹൃത്തിനെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നുമാണ് വ്യക്തമാകുന്നത്. അന്ന് ഈ സുഹൃത്തിന്റെ പേരോ അഡ്രസോ ഒന്നും തന്നെ രാജേഷ് അന്വേഷിച്ചിട്ടില്ലെന്നതും ദുരൂഹമായി തുടരുന്നുണ്ട്. ഒരു വര്‍ഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇയാള്‍ക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സന് നല്‍കിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ കൂടുതല്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ തന്റെ ഒപ്പം വരണമെന്ന് ജോണ്‍സണ്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിയ ജോണ്‍സന്‍ ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സുളള ആളാണ് പ്രതി ജോണ്‍സണ്‍.
പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു.